വാര്‍ത്തകള്‍

Saturday, July 29, 2017

മഴക്കാലം-കവിത(അനഘ വിനോദ്)


മഴക്കാലം


ആകാശത്തേക്ക് നോക്കും നേരം
തുള്ളി തുള്ളിയായി പെയ്യും മേഘം
മഴത്തുള്ളികള്‍ വീഴും നേരം
നല്ല നേരം ഇതു നല്ല നേരം

കുട്ടികള്‍ തുള്ളിച്ചാടും നേരം
കര്‍ഷകര്‍ക്കിതു നല്ല നേരം
ക്രാ ക്രാ വിളിക്കുന്ന തവളകള്‍ക്കും
ചാടിക്കളിക്കാനായ് നല്ല നേരം

വന്നിതാ വന്നിതാ പുതുമഴക്കാലം
ആഘോഷത്തിമര്‍പ്പിനായ് പുതുമഴക്കാലം


അനഘ വിനോദ്
റിഗായ് ഗുരുകുലം

 

Sunday, July 23, 2017

മഴത്തുള്ളി - (കവിത) ഷൈനി സന്തോഷ്


മഴത്തുള്ളി

മഴത്തുള്ളിയായ് പെയ്തിറങ്ങി
ഞാനാ പുല്‍തൊടി തുമ്പിലും
സുര്യ രശ്മിയില്‍ തിളങ്ങി
ഞാനാ ശോഭയിലത്രയും

മണ്ണിന്‍ മണമെന്നെ പുളകിതയാക്കി
നൃത്തമാടുമൊരു പൂമ്പാറ്റയായ്...
വെള്ളിക്കൊലുസിട്ട പാദങ്ങളും
തുള്ളി തുളുമ്പിയാ പുല്ക്കൊടിയിലും

മിന്നി തിളങ്ങിയാ നേരത്തും
വജ്ര ശോഭപോല്‍
തുമ്പപൂവിന്‍ മണമെന്നെ
പുളകിതയാക്കി

കാര്‍മേഘത്താല്‍ നിറഞ്ഞൊരു വാനവും
മഴവില്ലാല്‍ നിറഞ്ഞൊരു ശോഭയും
കണ്ടുമയങ്ങി ഞാനാ പുല്‍തൊടി തുമ്പിലും

മഴത്തുള്ളിയായ് വീണ്ടുമീ പുല്‍ക്കൊടിയിലും
മയങ്ങിടാന്‍ എന്‍ മനം തുടിച്ചു

ഷൈനി സന്തോഷ് 
അബ്ബാസിയ ഈസ്റ്റ് യൂണിറ്റ്



Wednesday, July 12, 2017

ഓർമ്മ ചെപ്പ് - കഥ (പ്രശാന്ത് ചേര്‍ത്തല)

ഓർമ്മ ചെപ്പ്
              
നമ്മുടെ കൊച്ചുന്നാളിലെ സംശയങ്ങളെല്ലാം , നാം വളരുമ്പോൾ അറിവിന്റെ വാതായനത്തിൽ അപ്രത്യക്ഷമാകാറാണ് പതിവ്. എന്നാൽ ചിലതൊക്കെ നമ്മളേക്കാൾ വേഗത്തിൽ വളരും ; വളരുക മാത്രമല്ല അവ ഉത്തരം കിട്ടാതെ അലയുകയും , അശാന്തിയുടെ വിത്ത് വിതയ്ക്കുകയും ചെയ്യും മനസ്സിൽ ..

    അന്നാ കല്ല്യാണത്തിന് പോകുമ്പോൾ എനിക്ക് പന്ത്രണ്ട് വയസ്സ് പ്രായം കണ്ടേക്കും ; വണ്ടിയിൽ ഒത്തിരി ദൂരം യാത്ര ചെയ്ത് ഒരു കല്ല്യാണം കൂടുക ഏതൊരു കുട്ടിയേയും പോലെ ഞാനും ഒത്തിരി സന്തോഷിച്ചു . വണ്ടി ആറിന് ഇക്കര വരെ മാത്രമേ പോവുകയുണ്ടായിരുന്നുള്ളൂ ; അക്കരയ്ക്ക് വള്ളത്തിൽ പോകണമായിരുന്നൂ . പലരും വളരെയധികം പേടിയോടെയാണ് ആ ദൗത്യം ഏറ്റെടുത്തത് . ഭയം മൂലം വണ്ടിയിൽ തന്നെ ഇരുന്നവരും ഉണ്ട് . വളളത്തിൽ കയറുക എനിക്കത്ര പേടിയുള്ള കാര്യം ആയിരുന്നില്ല . അർത്തുങ്കലെ അപ്പച്ചിയുടെ സ്വന്തത്തിൽ ഒരു പയ്യനുണ്ടായിരുന്നു , അർജുനൻ ഏതാണ്ട് എന്റെ പ്രായം ; അർത്തുങ്കലേയ്ക്ക് പാലും കൊണ്ട് പോകുമ്പോൾ ഇടയ്ക്കൊക്കെ കുറച്ചുദൂരം അവന്റെ കൂടെ വള്ളത്തിൽ ചാലിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നൂ ഞാൻ . വണ്ടിയിലുള്ള യാത്ര മാത്രം പ്രതീക്ഷിച്ചിറങ്ങിയ എനിക്ക് വള്ളത്തിലെ യാത്ര ഇരട്ടി മധുരം പോലെയാണ് തോന്നിയത് ...........

     ക്യത്യമുഹൂർത്തത്തിൽ തന്നെ ചേട്ടൻ താലി ചരടാൽ " സരള " ചേച്ചിയെ തന്റെ സ്വന്തമാക്കി . ചെറുക്കനും കൂട്ടരും എന്ന അഹങ്കാരത്തോടെയും , അവകാശത്തോ ടെയും കൂടി ആദ്യത്തെ ഒന്ന് രണ്ട് പന്തിയിൽ തന്നെ ഞങ്ങളെല്ലാവരും സദ്യയും കഴിച്ച് ഒരാളുടെ അംഗബലവും കൂട്ടി യാത്ര തിരിച്ചൂ ...........

    രണ്ട് വള്ളങ്ങളാണ് ഉണ്ടായിരുന്നത് ; ചെക്കനും , പെണ്ണും കയറിയ വള്ളത്തിലാണ് ഞാനും കയറിയത് . ആറ് നിറയെ ആഫ്രിക്കൻ പായൽ ഉണ്ടായിരുന്നു . അധികം ഒഴുക്കൊന്നുമുള്ള ആറൊന്നുമായിരുന്നില്ല . പക്ഷേ മറുകരയ്ക്ക് എത്തുന്നതിന് ഏകദേശം അൻപത് വാര അകലെ എത്തിയപ്പോൾ യാതൊരു കാരണവും കൂടാതെ വള്ളം വല്ലാതെ ഉലയുകയും , അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന ആ വള്ളക്കാരൻ മൂത്തച്ഛൻ അതി സാഹസികമായി വെള്ളത്തിൽ ചാടി അത്ഭുതകരമായി വള്ളം മറിയാതെ ഞങ്ങളെ കരയ്ക്കെത്തിക്കുകയായിരുന്നു . ശരിക്കും വല്ലാതെ പേടിച്ചു നിലവിളിച്ചു പോയീ എല്ലാവരും . കരയ്ക്ക് കയറി വള്ളക്കാരൻ മൂത്തച്ഛൻ വിറയാർന്ന കൈകളാൽ ഒരു ബീഡിക്കു തീ കൊളുത്തി കൊണ്ടു പറഞ്ഞൂ "ഇതെന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം" എന്ന് . ഇതു പറയുമ്പോളും ആ കണ്ണുകളിലെ ഭീതി മാറിയിട്ടില്ലായിരുന്നൂ . അവിടെയുള്ള ആർക്കും വള്ളം മറിയുവാൻ പോയതിന്റെ കാര്യം മനസ്സിലായിട്ടുണ്ടായിരുന്നില്ല . ഈ ഒരു സംഭവവും , അതിനെ കുറിച്ചുള്ള കുറേയധികം കഥകളുമായിട്ടായിരുന്നൂ ഞങ്ങളുടെ മടക്ക യാത്ര ...........

      മൂത്തമ്മ നൽകിയ , തിരിയിട്ട് തെളിയിച്ച നിലവിളക്കും വാങ്ങി വലതുകാൽ വച്ച് "ചേച്ചി'' വീട്ടിലേയ്ക്ക് കയറിയതോടെ വീട്ടുകാരും , അടുത്ത ബന്ധുക്കളും , അയൽപക്കകാരും അല്ലാത്ത എല്ലാവരും തന്നെ പിരിഞ്ഞു പോയി . പക്ഷേ എല്ലാവരിലും ഉത്തരം കിട്ടാത്ത ആ ചോദ്യവും നിറം പിടിച്ച കുറേ കഥകളും കൂട്ടിന്നുണ്ടായിരുന്നൂ ...........

        വൈകുന്നേരം അഞ്ചര മണി ആയി കാണും ; ചേച്ചി നിലത്ത് കിടപ്പുണ്ട് ആൾക്കാരെല്ലാം ചുറ്റിനും കൂടി നിൽക്കുന്നൂ . ആരോ പറയുന്നത് കേട്ടൂ ചേച്ചിയ്ക്ക് ബാധ കൂടിയിരിക്കുന്നൂ . ഞാൻ അടുത്ത് എത്തുമ്പോളേയ്ക്കും ചേച്ചി ചാടി എഴുന്നേറ്റു . പക്ഷേ ഞാൻ രാവിലെ കണ്ട ചേച്ചി ആയിരുന്നില്ല അത് ; മറ്റൊരു രൂപവും ഭാവവും , മുടിയൊക്കെ അഴിച്ചിട്ടിരിക്കുന്നൂ . പിന്നീടുള്ള സംസാര രീതിയും , ചേഷ്ട്ടകളുമൊക്കെ " ഭൈരവി " മൂത്തമ്മയുടേത് പോലെ തന്നെയായിരുന്നു . നിന്നെ ഞാൻ ഇങ്ങോട്ട് എത്തിക്കാതിരിക്കുവാൻ നോക്കി ആ വള്ളക്കാരന്റെ സാമർത്ഥ്യം ഒന്ന് കൊണ്ട് മാത്രമാ നീയിവിടെ എത്തിയത് . ആ വള്ളം മറിക്കാൻ നോക്കിയത് ഞാനാ എന്നും പറഞ്ഞു കൊണ്ട് ആ അഴിഞ്ഞ മുടി കെട്ടി വയ്ക്കുന്നത് കണ്ടപ്പോൾ അമ്മ പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നൂ " ഭൈരവി " ചേച്ചി മുടി കെട്ടുന്നത് പോലെ തന്നെ . "ഭൈരവി " മൂത്തമ്മയോട് ഏറ്റവും അടുപ്പം എന്റെ അമ്മയ്ക്കായിരുന്നു ; കാരണം ഞങ്ങളുടേതായിരുന്നൂ ഏറ്റവും അടുത്ത വീട് ...........

      വർഷങ്ങൾക്ക് ശേഷവും "ഭൈരവി " മൂത്തമ്മ താമസിച്ചിരുന്ന ആ പറമ്പിൽ ആരെങ്കിലും പശുവിനെ കെട്ടുന്നത് കണ്ടാൽ അമ്മ പറയുന്നത് കേൾക്കാം അയ്യോ അവിടെ കെട്ടല്ലേ എന്ന് ; ആരേലും അറിയാതെ കെട്ടിയാൽ തന്നെ പശു നിർത്താതെ ഓടുന്നത് കാണാമായിരുന്നൂ . പല പശുക്കളുടേയും ഗർഭം അലസിയതായും കേട്ടിട്ടുണ്ട് ...........

      എന്റെ അറിവിൽ " ഭൈരവി " മൂത്തമ്മയെ അതി ദാരുണമായി കൊലപ്പെടുത്തിയതാണ് . ഇതുമായി യാതൊരു പുലബന്ധം പോലുമില്ലാത്ത ചേച്ചിയെ , മൂത്തമ്മ എന്തിനാണ് കൊലപ്പെടുത്തുവാൻ ശ്രമിച്ചത് ? ചേച്ചിയോട് , മൂത്തമ്മയ്ക്ക് എന്തുകൊണ്ടാവും വൈരാഗ്യം തോന്നിയത് ? അന്നാദ്യമായി ഞങ്ങളുടെ നാട്ടിൽ എത്തിയ ചേച്ചിയ്ക്ക് എങ്ങിനെ കിട്ടീ മൂത്തമ്മയുടെ രീതികൾ ? എവിടുന്ന് കിട്ടീ ഇവിടുത്തെ പഴയ കാര്യങ്ങൾ ?
അന്നും ഇന്നും എനിക്കറിയില്ല ! ...........

      മരണാനന്തരം "ഭൈരവി '' മൂത്തമ്മയോട് ഇതിന്റെയൊക്കെ ഉത്തരവും ചോദിച്ചറിഞ്ഞോണ്ട് വേണം എനിക്ക് സ്വർഗ്ഗത്തിൽ പോകുവാൻ . ഞാൻ സ്വർഗ്ഗത്തിൽ പോകുന്ന കാര്യം പറഞ്ഞപ്പോളെന്താ എല്ലാവർക്കും ഒരു ചിരി ?...........
എന്താ , വെറുതേ ആശിച്ചു കൂടേ ? ...........

പ്രശാന്ത് ചേർത്തല 
ഫാഹേല്‍ യൂണിറ്റ്






Tuesday, June 27, 2017

സായാഹ്ന സന്ധ്യ- കവിത(പ്രശാന്ത് ചേര്‍ത്തല)

സായാഹ്ന സന്ധ്യ

ഭൂമിയുടെ കാമുകന്‍ കിന്നാരം ചൊല്ലുവാന്‍ -
ഭൂമിയോടെപ്പോഴും അടുത്തു വന്നൂ .........

സായാഹ്ന സന്ധ്യയായി പരിണമിച്ചപ്പോള്‍
സൂര്യനൊരു ചുടു ചുംബനം നല്കീ .

ചുംബന നിര്‍വൃതിയിലറിയാതെ -
ഭൂമിയുടെ കവിളുകള്‍ തുടുത്തു ചുവന്നൂ .

ഇത് കണ്ട തെങ്ങോല നാണം മറയ്ക്കുവാന്‍
മുഖമവ തിരിച്ചു മറയുന്നൂ ...........

ഇത് കണ്ട ചെംസൂര്യന്‍ നാണിച്ചിട്ടെന്ന പോല്‍ -
മറഞ്ഞു പോയീ ....നാണിച്ചിട്ടെന്നപോല്‍ - മറഞ്ഞു പോയി ............


 പ്രശാന്ത് ചേര്‍ത്തല
 ഫാഹേല്‍ യൂണിറ്റ്



Monday, June 19, 2017

Unexpected Gift- Poem (Padmaraj Anith Kumar)


Unexpected Gift


This world a circle of illusions.
Fall for it and you fail,
All it gives back is pain and
The pleasure like a bubble..
Disappears in a burst of time.

 Why is it always a head ache?
 The more i look into my phone.
 The abrupt sleep cycles,even they do
 cause the same.

I wish if i could erase
most memories that makes me low.
my brain is already worn out,
of all those assembly line process,
whirring inside out.
All those past and future- the thought
that murders me.

 I wish that fairy could shoo
 All my thoughts away,
 Just the way she shoo-
 The nightmares as am awake..

Is it possible to erase,
Somethings that makes a part of me..
Looks like the fairy answered my prayer,
The gift came unexpected.
The gift of alzheimer's.

Padmaraj  Anith Kumar

Ahamadi Unit










Saturday, June 17, 2017

ഗുരുദേവൻ :- സായുജ്യമോക്ഷത്തിൻ നന്മമരം-കവിത(സൈഗാള്‍ സുശീലന്‍)

ഗുരുദേവൻ :- സായുജ്യമോക്ഷത്തിൻ നന്മമരം

അരുവിപ്പുറത്തിന്നലകൾ വാഴ്ത്തും സത്ഗുരു നാഥനല്ലേ
സർവ്വഐശ്വര്യപ്രദമാം ധർമ്മത്തേ ഞങ്ങൾക്കുനൽകിയ ദേവനല്ലേ സുവർണ്ണപുഷ്പ്പമായ് കർമ്മസാധകമാം സുഗന്ധം പരത്തിനീ കാലദേശങ്ങൾക്കതീതനായ് വിളങ്ങും കാവ്യസൗഭഗമല്ലേ....

സത്ഗുണോപാസനാമൃതം ഞങ്ങളിൽ ജ്വലിപ്പിച്ച്
അറിവിന്റെ ദേവനായ് വിളങ്ങുന്ന ഭഗവൽസ്വരൂപമേ
നിത്യവും നിൻ നാമം കേൾക്കുമാറാവണം
സത്യയുഗത്തിലെ ധ്യാനംപോൽ ഉപാസനാ മാർഗമായീടണം

ആത്മ സാക്ഷാത്ക്കാരത്തിൻ നൈപുണ്യം അറിവായ് ജ്വലിപ്പിച്ച്
സൂര്യതേജസുപോൽ ഞങ്ങൾക്ക് മുൻപേ നടന്ന ഗുരുവര്യനല്ലേ
അറിവിന്റെ ദേവതയാം ശാരദാദേവിയെ
ഉപാസനാമൂർത്തിയായ് പ്രതിഷ്ഠിച്ച ചിത്പുരുഷനല്ലേ...

പ്രത്യക്ഷ ദൈവമാം പരമപ്രകാശംപോൽ വിളങ്ങിടും നിൻനാമം
പരമപവിത്രവും സർവ്വാദീഷ്ട്ടപ്രദവും ആയിടട്ടെ
മംഗള നീരാഞ്ജനംപോൽ ജ്വലിക്കും നിൻ നേത്രങ്ങൾ
നേർവഴികാട്ടി ഞങ്ങളിലെന്നും തുണയായിടട്ടെ....

ഗാനനിർജരിപോൽ തിരുനാമകീർത്തനങ്ങൾ ഞങ്ങൾക്ക് നൽകി
പരമ പവിത്രമാം രാഷ്ട്രത്തെ  സൃഷ്ടിച്ച  ഗുരുവര്യാ
മനസിന്റെ ശ്രീകോവിൽ പ്രതിഷ്ഠിച്ചുപോയ് നിൻരൂപം
കേവല ബ്രഹ്മസ്വരൂപമായ് എന്നും വിളങ്ങീടണെ....

ഞങ്ങളിൽ പ്രാണനും ഓജസ്സും നൽകിനീ
ജാതിമതദ്വേഷത്തിൻ ചിന്തയും അകറ്റിനീ
സങ്കടങ്ങളഖിലം പൊഴിഞ്ഞു ശിവശങ്കരന്റെ കൃപയേശുവാൻ
ഉപദേശസന്ദേശംപോൽ ഞങ്ങളിൽ വിളങ്ങണെ ഗുരുദേവാഃ

ശിവഗിരിക്കുന്നിൻശോഭയിൽ വിളങ്ങിടും നിൻ തിരുമേനിയും
മലരണിപൂവനം താണ്ടിയനിൻ പൊൻതൃപ്പാദങ്ങളും
കർമ്മദോഷങ്ങളകറ്റി എന്നും ഞങ്ങളിൽ വിളങ്ങണം
അറിവിന്നുമറിവായ് നിറഞ്ഞ്  സത്കർമ്മത്തിൻ തേന്മഴയായ് ചൊരിയണം

ദാനധർമ്മത്തിൻ മഹത്ത്വങ്ങളരുളിനീ
കരുണാർദ്ര സ്നേഹത്തിൻ ആഴവും പകർന്നുനീ
സത്ഫലങ്ങൾ പൊഴിച്ച് തണലായ് നിൽക്കുന്നനീ ഞങ്ങൾക്ക്
അറിവിന്റെ....ദയയുടെ....കരുണയുടെ ഭഗവൽ ചൈതന്യമല്ലോ ഗുരുദേവാഃ

സൈഗാൾ സുശീലൻ
സാൽമിയ യൂണിറ്റ്




Wednesday, June 14, 2017

കാത്തിരുപ്പ് - കവിത(സുലേഖ അജി)

         കാത്തിരുപ്പ്

അറിയാതെ വന്നൊരു കനവിലെൻ
കല്പന ചിറകുകൾ വീശി പറന്നിടുന്നു
നിനക്കാതെ വന്നൊരു മഴയിലെൻ
സിന്ദൂര നിറമുള്ള മണിമുത്ത് പാറിവന്നു .

മുത്തുകൾ കോർത്തൊരാ മഴമേഘ
തുണ്ടുകൾ ചിത്രശലഭം പോൽ തുള്ളിടുന്നു
മിന്നിമിനുങ്ങുന്ന വെൺമേഘ ശകലങ്ങൾ
നെയ്യാമ്പൽ പൂ പോൽ ചിരി തൂകുന്നു.

ചെന്തൊണ്ടി പൂന്തേനിൽ അടരുന്ന
തേൻതുള്ളി ഒന്നെൻറെ നെറുകയിൽ-
പറ്റിനിന്നു കണ്ണാടിപോലെ തിളങ്ങുന്ന
തുള്ളിയിൽ എന്റെ സ്വപ്‌നങ്ങൾ ജ്വലിച്ചിടുന്നു.

അറിയാതെ വന്നൊരു കനവിലെ
തേൻ തുള്ളി നുകരുവാനായി ഞാൻ
കാത്തിരിക്കും നിന്നെ.......
അറിയുവാനായി ഞാൻ കാത്തിരിക്കും.

സുലേഖ അജി
ഹസ്സാവി യൂണിറ്റ്