വാര്‍ത്തകള്‍

Wednesday, May 31, 2017

ആലിലക്കണ്ണന്‍- കവിത (സുലേഖ അജി)

ആലിലക്കണ്ണന്‍

ആല്‍മരത്തണലിലെ ആനന്ദക്കാറ്റിലെന്‍
ആലിലക്കണ്ണാ നീ ആടിയപ്പോള്‍
കൈകാല്‍ ചിലമ്പിലെ കിങ്ങിണി നാദമെന്‍
കാതിലായ് കേട്ടതും അറിയുന്നു ഞാന്‍
യദുകുലനാഥാ...നിന്‍ മുരളികയില്‍ ഞാന്‍
യദുകുലനാഥാ നിന്‍ മുരളികയില്‍ ഞാന്‍
ആഭേരി രാഗമായ് അലിഞ്ഞുപോയി

തുമ്പികള്‍ പാടുന്ന തുമ്പപ്പൂക്കാട്ടിലെന്‍
നഷ്ട സ്വപ്നങ്ങള്‍ മറന്നുവെച്ചു...ഞാന്‍
നഷ്ട സ്വപ്നങ്ങള്‍ മറന്നുവെച്ചു.
ഇനിയൊരു ജന്മമെന്‍ വിധിയുടെ താളില്‍ നീ
മയില്‍ പീലി തണ്ടിനാല്‍ എഴുതിയെങ്കില്‍
മധുരയില്‍ രാധയായ്....എനിക്ക് പിറക്കേണം
മധുരയില്‍ രാധയായ് എനിക്ക് പിറക്കേണം
കണ്ണന്റെ പാദത്തില്‍ അമര്‍ന്നിടേണം.

കണ്ണന്റെ മാറിലെ കനകാംബരപ്പൂക്കള്‍
ഒന്നെന്റെ മനസ്സിനെ തൊട്ടുണര്‍ത്തി
നിന്റെ വാര്‍മുടിയിലെ പീലിപ്പൂത്തണ്ടുകള്‍
വന്നന്റെ ഹൃദയത്തില്‍ ഒളിച്ചിരുന്നു
കാര്‍മുകില്‍ വര്‍ണ്ണാ.....നിന്‍ ചേവടിയില്‍ ഞാന്‍
കാര്‍മുകില്‍ വര്‍ണ്ണാ നിന്‍ ചേവടിയില്‍ ഞാന്‍
കൃഷ്ണതുളസിയായ് വീണോട്ടെ ഒരു
കൃഷ്ണതുളസിയായ് വീണോട്ടെ.

സുലേഖ അജി
ഹസ്സാവി യൂണിറ്റ്

Tuesday, May 30, 2017

എന്റെ മധുരാക്ഷരം- നിരീക്ഷണ കുറിപ്പ് (മിനി കിഷോര്‍)

എന്റെ മധുരാക്ഷരം


'നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ ക്രമം കണക്കെ 'അമ്പത്തി ഒന്ന് അക്ഷരങ്ങളാണ് മലയാളത്തിൽ ഏറെയും ഉപയോഗത്തിൽ ഉള്ളത്. നമുക്കു പ്രിയപ്പെട്ട മധുരമായ' മലയാള' ത്തിൽ നിന്നു തന്നെ ഞാൻ തുടങ്ങട്ടെ. നവവര്‍ണങ്ങളാൽ കൈരളിയെ കോരിത്തരിപ്പിച്ച ആ അക്ഷരങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 'മ ' തന്നെ. കണ്ടില്ലേ അവൾ എത്ര ഒതുക്കത്തോടെയാണ് അവൾ തന്റെ ഗരിമ പ്രകടിപ്പിക്കുന്നത്. "മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ചുണ്ടിന്മേൽ അമ്മിഞ്ഞ പാലോടൊപ്പം അമ്മയെന്ന രണ്ടക്ഷരമല്ലയോ സമ്മേളിക്കുന്നിതൊന്നാമതായ് " എന്ന വള്ളത്തോളിന്റെ വരികളെ സ്മരിക്കുക. 

അമ്മയെന്ന വാക്കുതന്നെ 'മ 'യുടെ മഹത്വത്തിന് മകുടം ചാർത്തുന്നില്ലേ ? മലരണി ക്കാടുകളുടെ മരതക ഭംഗി നിറഞ്ഞ മലയുള്ള നാടിന്റെ മഹത്വം, മഞ്ഞണിഞ്ഞു മദാലസയായി നൃത്തം ചെയ്യുന്ന മഞ്ജു ചന്ദ്രിക, മഴവില്ലിന്റെ മനോഹാരിത, മാവേലി നാടിന്റെ ഐശ്വര്യം, മകരകൊയ്ത്തിന്റെ ചേറ്റു മണം, പുതുമഴ പെയ്ത് കുളിരണിഞ്ഞ പുതുമണ്ണിന്റെ മാസ്മരിക ഗന്ധം, മാധുര്യമൂറുന്ന ഗാനങ്ങൾ, മധുരമൂറുന്ന പഴങ്ങൾ ഇതെല്ലാം മലയാളിയുടെ മനസ്സിലെ നിത്യ വസന്തങ്ങളല്ലേ ? 

നാടൻ മാമ്പഴത്തിന്റെ ഊറി വരുന്ന ചാറും, നാട്ടുമാഞ്ചോട്ടിൽ മണ്ണപ്പം ചുട്ട് മാങ്ങ വീഴുന്നതും കാത്തു മുകളിലേക്ക് നോക്കിയിരിക്കുന്നതും, മണമുള്ള മാങ്ങകൾക്കായി ഞാൻ മുൻപേ ഞാൻ മുൻപേ എന്ന മട്ടിൽ ഓടുന്നതും 'മ ' യുടെ മധുരസ്മരണകളിൽ മുന്നിലുണ്ട്. രാമായണവും, മഹാഭാരതവും നമുക്കുതന്ന ജീവിത ദര്‍ശനങ്ങൾ മറക്കാനാവുമോ ? മലയാളിയുടെ മണിമുറ്റത്തെ മനം കവരുന്ന മംഗല്യ ചടങ്ങുകളും, മധുവിധു രാവുകളും, മണിയറ സ്വപ്നങ്ങളും, മുല്ല മലർ മെത്തയുമെല്ലാം 'മ 'യിൽ കിടന്നു വിലസുകയല്ലേ ? 


മലയാളഭാഷയുടെ മാദക ഭംഗി മലർ മന്ദഹാസമായി വിരിയിച്ച 'മ 'യുടെ ശ്രേഷ്ടത ജീവിതത്തെ മധുരോദാരമാക്കി. ഞാൻ ഏറ്റവും ഇഷ്ടപെടുന്ന പുഷ്പം മുല്ലയാണ്. എന്റെ പേരും 'മ 'യിൽ തന്നെയാണ് തുടങ്ങുന്നത് -മിനി. ഓംകാരത്തിനു പൂർണത കൊടുക്കുന്നതും 'മ 'തന്നെയല്ലേ.? മാനും, മീനും, മയിലും, മാടത്തയും, മഞ്ചാടി യും, മുക്കുറ്റിയും, മുള്ളുമുരിക്കും, മുരിങ്ങയും'മ 'യുടെ കൂട്ടാളികളല്ലേ ?എന്തിനേറെ പറയുന്നു പർവത രാജനായ ഹിമാലയത്തോളം 'മ ' ഉയർന്നു നില്ക്കുന്നു. ഒരുകാലത്ത് മറകുടകളിലെ മഹാനരകത്തിൽ കഴിഞ്ഞിരുന്ന മലയാളി മങ്കമാർ ഇന്ന് മറുനാട്ടിൽ മാന്യമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നതും മറക്കരുത്. 

മിനി കിഷോര്‍
മംഗഫ് ഈസ്റ്റ് യൂണിറ്റ്



Monday, May 29, 2017

ഗുരുവേ ഗുരുവേ ശ്രീഗുരുവേ - കവിത (നിമ്മി അജയകുമാര്‍)

                

                 ഗുരുവേ ഗുരുവേ ശ്രീഗുരുവേ

                 ശ്രീ നാരായണ ഗുരുദേവാ
                 ജ്ഞാനത്തിന്‍ ദീപമേ
                 സ്നേഹത്തിന്‍ നാദമേ
                 എന്‍ ഗുരുവേ ശ്രീഗുരുവേ

                 ബ്രഹ്മ കമലം മിഴി തുറന്നു
                 ചരാചരങ്ങള്‍ ഉണര്‍ന്നു
                 എന്‍ മനസില്‍ ഉയര്‍ന്നു
                 ഗുരുവിന്‍ തിരുനാമം
                 ശ്രീനാരായണ ഗുരുനാമം

                 അനന്തവിശാല ഹൃദയകാശത്തില്‍
                 ഗുരു ദീപം തെളിഞ്ഞു
                 ശാന്തിതന്‍  തീരമായി
                 നാദ വൈഖരി യായി ഒഴുകി
                 ശ്രീ ഗുരുനാമം ശ്രീനാരായണ ഗുരുനാമം
                 എത്ര യുഗങ്ങള്‍ കഴിഞ്ഞാലും
                 എത്ര ജന്മങ്ങള്‍ കടന്നാലും
                 ഗുരുദേവ നാമം ഉയരട്ടേ
                 ശ്രീനാരായണ ഗുരുനാമം ജയിക്കട്ടെ.


                 നിമ്മി അജയകുമാര്‍
                 മംഗഫ് ഈസ്റ്റ് യൂണിറ്റ്

Sunday, May 28, 2017

ഗുരു ചൈതന്യം-അനുഭവ കുറിപ്പ്(സീമ രജിത്ത്)

ഗുരു  ചൈതന്യം

കഥകൾ എന്നും നമ്മെ കൂട്ടികൊണ്ടു പോകുന്നത് ഒരു മാന്ത്രിക ലോകത്തേക്കാണ്.കുട്ടി  ആയിരിക്കുമ്പോൾ എന്ത് ഇഷ്ടം ആണ് കഥകൾ കേട്ട് ഉറങ്ങുവാൻ. നിശയുടെ അഗാധതയിലേക്കു ഊളിയിട്ടു കൊണ്ടുപോകുന്നു ഓരോ കഥകളും,എന്തെല്ലാം മായാ കാഴ്ചകൾ ആണ് കഥകൾ ആയി മിന്നി മായുന്നത്, മഴവില്ലിൻ ഏഴു നിറങ്ങളിൽ ആടി തിമിർക്കാനും കേട്ട കഥകളിലെ കൃഷ്ണനും രാധയും ആകാനും,ഒരുപാടു രാത്രികളിൽ കൊതിച്ചിട്ടുണ്ട്.അവിചാരിതമായി കേട്ട അത്ഭുത കഥകളിൽ ഇന്നും എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതും ഇനി മുന്നോട്ടുള്ള യാത്രയിൽ പ്രചോദനവും ഉൾക്കരുത്തും തരുന്ന എന്റെ പ്രിയപ്പെട്ട ഗുരു സാക്ഷാൽ ശ്രീ നാരായണ ഗുരുവിനെ കുറിച്ചുള്ള കഥകൾ ആണ്.

ജാതിഭേദവും മതദ്വേഷവും കൂടാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാവ്യവസ്ഥിതി ലോകത്തില്‍ സംജാതമാകണമെന്ന് സ്വപ്‌നം കണ്ട ക്രാന്തദര്‍ശിയായ വിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരുദേവന്‍.ഗുരു തനിക്കു ലഭിച്ച ആത്മജ്‌ഞാനത്തില്‍ നിര്‍വൃതിപൂണ്ട്‌ സ്വയം ആനന്ദം കണ്ടെത്തുന്നതിനു പകരം ലോകത്തോടുള്ള കാരുണ്യം നിമിത്തം, ആര്‍ത്തരും, അവശരും, ആലംബഹീനരുമായ ജനലക്ഷങ്ങളെ അവരുടെ ദുഃഖങ്ങളില്‍നിന്നും മോചിപ്പിക്കുന്നതിനുവേണ്ടി, കുമാരനാശാന്‍- ഗുരുസ്‌തവത്തില്‍ പറഞ്ഞതുപോലെ ആത്മതപസ്സും ബലി ചെയ്‌തുകൊണ്ട്‌ 'ബ്രഹ്‌മവിത്തായ' ഗുരു തന്റെ ജീവിതം ലോകത്തിന്റെ നന്മയ്‌ക്കുവേണ്ടി സമര്‍പ്പിച്ചു. ഗുരു ഒരിക്കലും ഒരു മാന്ത്രികനോ താന്ത്രികനോ അല്ലായിരുന്നു എന്നിരുന്നാലും ഗുരുവിനെ കുറിച്ചുള്ള പല അത്ഭുത കഥകളും നമ്മളെ അത്ഭുതചകിതരാക്കിയിട്ടുണ്ട്. 

ഒരിക്കൽ ഒരാൾ സ്വാമിയുടെ അടുക്കൽ ചെന്ന് താൻ ഒരു പുതിയ വീട് പണി ചെയ്തിട്ടുണ്ടെന്നും എന്നാൽ അതിൽ ധാരാളം വണ്ടുകൾ വന്ന് നിത്യവും ഉപദ്രവിച്ചു കൊണ്ടിരിക്കുന്നതിനാൽ അവിടെ താമസിക്കുവാൻ സൗകര്യമില്ലാതായിരിക്കുന്നുവെന്നും പറഞ്ഞു.വളരെ വണ്ടുകൾ ഉണ്ടോ എന്നു സ്വാമികൾ ചോദിച്ചു.വളരെയുണ്ടെന്നു അയാൾ പറഞ്ഞു. ഒരു നൂറു വണ്ടുകൾ ഉണ്ടോ എന്നു സ്വാമികൾ ചോദിച്ചതിനു നൂറിലതികം ഉണ്ടെന്ന് ആയിരത്തിൽ കുറയാതെ വണ്ടുകൾ നിത്യം മുറിക്കകത്തൊക്കെ പറന്ന് കളിക്കുകയാണെന്നും മെത്തകളിലും ഭക്ഷണ പദാർത്ഥങ്ങളിലും വീണു കൊണ്ടിരിക്കുകയാണെന്നും അയാൾ പറഞ്ഞു. അപ്പോൾ സ്വാമികൾ ഇങ്ങനെ പറഞ്ഞു.

”എന്നാൽ ഒരു കാര്യം ചെയ്യുക ആയിരം അപ്പം ഉണ്ടാക്കി വെയ്ക്കുക. ഭയപ്പെടേണ്ട നെല്ലിക്കയോളം വലിപ്പം ഉള്ള അപ്പങ്ങൾ മതി. നാം അവിടെ വരാം".ഒരു തീയതി നിശ്ചയിച്ചു. ആ ദിവസം സ്വാമി അവിടെ എത്തി. അപ്പോൾ സന്ധ്യ സമയമായിരുന്നു, ഒരു വിളക്ക് കത്തിച്ചു വെച്ചു. വലിയ ഒരു പാത്രത്തിൽ അപ്പങ്ങളും കൊണ്ടുവച്ചു.സ്വാമികൾ ഗൃഹസ്തനോടു ഇങ്ങനെ പറഞ്ഞു. ശ്രീ കൃഷ്ണന് വണ്ടിന്റെ നിറമാണല്ലോ.കൃഷ്ണനെ ധ്യാനിച്ചോളു. എന്നിട്ട് ഈ അപ്പം കൂടിയവർക്കെല്ലാം ദാനം ചെയ്യുക. ഇനി വണ്ടിന്റെ ഉപദ്രവം ഉണ്ടാകുകയില്ല” അതനുസ്സരിച്ചു ചെയ്തു. സ്വാമി എഴുന്നള്ളിയ വിവരം അറിഞ്ഞ് അനേകം പേർ അവിടെ എത്തിച്ചേർന്നു അവർക്കെല്ലാം അപ്പം കൊടുത്തു.അന്നു മുതൽ വണ്ടിന്റെ ശല്യം തീർന്നു.

ഇത് നമ്മൾ പുസ്കങ്ങളിൽ ക്കൂടി വായിച്ച അറിഞ്ഞ കഥകൾ ആണ് .എന്റെ അച്ഛൻ ഒരു തികഞ്ഞ ഗുരു ഭക്തൻ ആയിരിന്നു. മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ എന്ന് വിശ്വസിച്ചു ജീവിച്ച ഒരു വ്യക്തി ആയിരുന്നു. വര്‍ഷങ്ങള്‍ക്കു മുൻപ് അച്ഛനെ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷിച്ച അനുഭവം പറയുകയുണ്ടായി.അദ്ദേഹത്തിന് ജോലിയുടെ ഭാഗമായി ലോറിയിൽ അമിതമായി കയർ കയറ്റുക ഉണ്ടായി, അതുമായി പോകുന്ന വഴിയില്‍ ഉള്ള ഇലക്ട്രിക്ക് ലൈനിൽ കയർ കുരുങ്ങുകയും നിയന്ത്രണം വിട്ടു ലോറി ഇടതു വശത്തേക്ക് ചരിയാൻ തുടങ്ങുകയായി, അത്ഭുതം എന്നു പറയാനേ പറ്റു തൊട്ടു മുന്നിൽ ഒരു ഗുരു മന്ദിരം. അച്ഛൻ ഗുരുവിനെ മനസ്സിൽ വിചാരിച്ചു. ഒരു വൻ ദുരന്തം ഒരു കല്ലിൽ തട്ടി നിർത്തി മഹാനായ ആ പുണ്യ പ്രഭാവൻ.

ഇതെല്ലാം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടായ അനുഭവങ്ങളുടെ നേർ കാഴ്ചകൾ ആണ്.നമ്മൾ ആരും തന്നെ പൂർണ്ണരല്ല, നമ്മളെ സമ്പൂര്‍ണ്ണന്‍ ആക്കി തീർക്കാൻ വേണ്ടിയിട്ട് ആരാണോ നമ്മളെ സഹായിക്കുന്നത് അത് ഗുരുനാഥന്‍ ആണ്.ഏതു കാര്യം തുടങ്ങുമ്പോഴും ഗുരുവിനെ സ്മരിക്കണം ,അത് കേവലം ഒരു വ്യക്തി അല്ല ഒരു പാരമ്പര്യം ആണ് ഒരു അനുഭവം ആണ് നമ്മളുടെ നാളകളെ സുഗമം ആക്കുന്ന ഒരു  ചൈതന്യവും ആണ്.


സീമ രജിത്ത്
സാല്‍മിയ യൂണിറ്റ്



Saturday, May 27, 2017

വേനല്‍ - കവിത(ലിപി പ്രസീദ്)

വേനല്‍

ഉഷ്ണമാണു ചുറ്റും....നിശ്വാസ വായുവിന്‍ തീനാളമായെന്റെ 
സിരകളെ പൊള്ളിയടര്‍ത്തുന്നൊരുഷ്ണം


നീര്‍ തേടിയലയുന്ന ഉരഗങ്ങള്‍ ഫണം താഴ്ത്തി
പൊള്ളുന്ന നാവിന്റെ നഷ്ടമാം ഘ്രാണതയിന്‍ അഴലില്‍
ആഴവേ....
കാലന്റെ കാലൊച്ച കാതോര്‍ത്ത് മിഴികളില്‍
ഊറ്റിയ ദൈന്യതയാര്‍ന്നു നാല്‍ക്കാലികള്‍...
ഓഷ്ഠത്തിലുണങ്ങിയ ശോണാശം,തരുവിന്‍
ജീവാശമറ്റൊരുടലില്‍ ഉരസി കാംക്ഷയോടെ
പൊലിയുന്ന ജീവനായ് കാത്തിരിപ്പൊരു കഴുകനും !
വീശുന്ന തെക്കന്‍ കാറ്റിന്റെ രൗദ്രത്തിലുയര്‍ന്നു
വീര്യം കാട്ടിയൊടുങ്ങുമൊരു മണ്‍ധൂളികളും...
ഉദരത്തിലേ ഉള്‍നാമ്പിന്‍ ഹൃത്തൊടിഞ്ഞു
പിറവിതന്‍ പുണ്യമകന്നൊരു തരുനാമ്പുകളും..
എങ്ങോ ഒരിക്കല്‍,ആത്മാംശമായൊരു പച്ചപ്പിന്‍
ബാല്യത്തിന്നോര്‍മ്മകള്‍ നുണയുന്നൊരു വയല്‍ക്കൂട്ടവും.

കരിയില ഞരമ്പുകള്‍ നിറഞ്ഞൊരു യക്ഷിക്കാവിന്‍
അകത്തളങ്ങളില്‍ കരിനിഴല്‍ പരത്തി ശുഷ്കയായ്
നില്‍ക്കുമൊരു കരിമ്പനപ്പെണ്ണും..
ചിതല്‍പ്പുറ്റു മൂടിയ മരക്കുറ്റികള്‍ തന്‍
ഗദ്ഗദം ആര്‍ത്തിയോടൊപ്പുന്ന ചിതലുകളും..
കളവാഴതന്‍ ശേഷിപ്പു മൂടി കൊഴുത്തു
ചെളിപ്പാടമായൊരു ക്ഷേത്രക്കുളത്തില്‍
ആറാട്ടിനെത്തി അറച്ചു നിന്നൊരു ദേവിയും...

ശവഗന്ധത്തില്‍ ഉന്മത്തനായിരമ്പുന്ന
കാറ്റിന്റെ കാഠിന്യവും...
അരിച്ചെത്തി,പിന്നെ...മടിയോടെ പിന്‍വാങ്ങി-
യോടിയലയുന്ന രാത്രിമഴയുടെ ശൂന്യതയും..
നാട്ടാറിന്‍ ഞരമ്പില്‍ അലിഞ്ഞ വിഷത്തിലന്യമായ്
തീര്‍ന്നൊരു വയമ്പും പരലും കള്ളിക്കരട്ടിയും..

തണല്‍ത്തണുപ്പിന്‍ നനുത്ത നിശ്വാസ-
ത്തിലമര്‍ന്നു ജീവന്റെ തുടിപ്പേറ്റി,
നീരൊഴുക്കിന്‍ വെണ്മയില്‍ തുടിക്കുന്ന
വെള്ളത്തിലാശാന്റെ കുസൃതി കാണാന്‍!
നെറുക തണുര്‍ക്കെ മുങ്ങിപ്പതിച്ചു,ഉയിര്‍ത്തുടി-
ക്കുന്നൊരാ ആമ്പലിന്‍ അടിവേരു തെടാന്‍..
മൂങ്ങയും പൂവരശും പിന്നെയാ വേലിപ്പരുത്തിയെ
തൊട്ടുരുമ്മുന്നൊരു മുക്കൂറ്റിയെക്കൊണ്ടു
കാതിലൊരു പൂ തീര്‍ക്കുവാനും..

വേനല്‍ മഴയില്‍ കുതിര്‍ന്നു വമിക്കുമൊരു
മണ്ണിന്റെ വശ്യമാം ഗന്ധം നുകരുവാനും..
കാറ്റിന്റെ ഗാനത്തിലാടിത്തിമിര്‍ക്കുന്ന
കരിമ്പനയക്ഷിതന്‍ കാര്‍ക്കൂന്തല്‍ കാണുവാനും...
ഒരു തുള്ളി വെള്ളം പകര്‍ന്നു നല്‍കാന്‍
മടിയോടെ ഓടിയൊളിക്കുന്ന കാര്‍മുകിലിനായ് കാത്ത്
ആര്‍ത്തയായിന്നീ പൃഥിതന്‍ മനം...

കാലം പകര്‍ന്നൊരീ കരിനിഴല്‍ മാറുവാന്‍..
അമ്മതന്‍ നെഞ്ചിലെ കദനം ഉരുക്കി മാറ്റുവാന്‍..
കാത്തിരിക്കൊന്നൊരീ അമ്മതന്‍ നെഞ്ചകം..
വാക്കുകള്‍ക്കന്യമാണിന്നിന്റെ അഴലില്‍,
സ്നേഹം തുടിപ്പായ്,തുള്ളിയായ് വീഴട്ടെ..
ഇന്നേന്റെ മുന്നില്‍...

ലിപി പ്രസീദ്
ഫാഹേല്‍ യൂണിറ്റ്




Thursday, May 25, 2017

എന്‍ ഗുരുദേവാ - കവിത (സുലേഖാ അജി)

എന്‍ ഗുരുദേവാ

ഗുരുദേവാ എന്‍ ഗുരുദേവാ
കരുണക്കടലേ ഗുരുദേവാ
ഗുരുദേവാ എന്‍ ഗുരുദേവാ
തുണയേകീടണേ ഗുരുദേവാ

കരുണാമയനേ ഗുരുദേവാ
കരുണക്കടലേ ഗുരുദേവാ
കദനക്കടലില്‍ ഉരുകിടുമീ ജന-
ക്കടലിനു തുണ നീ ഗുരുദേവാ

ചിന്മയനാമെന്‍ ഗുരുദേവാ
നിന്‍പദതളിരിണ തൊഴുതീടാം
എന്‍ മനമതിലായ് വന്നിടുവാന്‍
പുഷ്പാര്‍ച്ചന ഞാന്‍ ചെയ്തീടാം


എന്നുടെ ജീവിതമവസാനം വരെ
ഗുരുവിന്‍ പൂജകള്‍ ചെയ്തീടാന്‍
കരുണാമയനേ കനിഞ്ഞീടണേ
എന്നുടെ കൂട്ടായ് വന്നിടണേ

നല്ലൊരു ജീവിതമേകി ഗുരു
നന്മകള്‍ ചെയ്യാന്‍ വഴിയേകി
കൈകള്‍ കാല്‍കള്‍ കണ്ണുകള്‍ നീ
എന്നുടെ ഹൃദയമിടിപ്പും നീ

നല്ലതുചെയ്യാന്‍ നല്ലതുകാണാന്‍
നല്ലതുപറയാന്‍ കനിയേണം
നന്മകളായ് ഞാന്‍ അര്‍ച്ചനയേകാം
നല്ലവരം ഗുരു ഏകിടണേ

സുലേഖാ അജി
ഹസ്സാവി യൂണിറ്റ്

Wednesday, May 24, 2017

ഗുരുകുലം-പ്രതിപാദ്യഗാനം

ഗുരുകുലം-പ്രതിപാദ്യഗാനം

പുലരിയിലെ താരകങ്ങള്‍ ഞങ്ങള്‍
നവയുഗത്തിന്‍ നല്ല മക്കള്‍ ഞങ്ങള്‍
ഗുരുദേവ സേവ ചെയ്യും മക്കള്‍
ഗുരുകുലത്തിന്‍ മുത്തുകള്‍ ഞങ്ങള്‍
സാരഥി ഗുരുകുലത്തിന്‍ മുകുളങ്ങള്‍ ഞങ്ങള്‍

അമ്മമലയാളവും പുണ്യപുരാണങ്ങളും 
ഗുരുദേവ ചരിതവും മൊഴിമുത്തുകളും
ആചാര്യഭാഷ്യത്തെ ആത്മാവിലേറ്റിയ 
സ്നേഹ ഗീത ഗായകര്‍ ഞങ്ങള്‍
നവ സാരഥിതന്‍ ഗായകര്‍ ഞങ്ങള്‍

സഹജീവിയോട് അലിവും
സാമൂഹ്യപ്രതിബദ്ധതയുമായി
മാനവസേവനം ചെയ്യാന്‍
സത്യധര്‍മ്മ പാലകരാകാന്‍ ഞങ്ങള്‍
ഗുരുകുലത്തിന്‍ മുകുളങ്ങള്‍ ഞങ്ങള്‍

ത്യാഗവും പൈതൃകവും സ്നേഹവും നന്മയും
ജീവിത പാതകളില്‍ പകര്‍ത്തി
ഞങ്ങള്‍ ഒന്നു ചേര്‍ന്നു പാടും 
മാതാ പിതാ ഗുരു ദൈവം


വിനീഷ് വിശ്വം


സാരഥി - കവിത (സിനില്‍ വിശ്വനാഥന്‍)


സാരഥി

കനലുകള്‍ പെയ്യുമി മണ്ണിന്റെ മാറില്‍
ഗുരുദേവ സൂക്തങ്ങള്‍ പാടുന്നു സാരഥി
മാനവ നന്മയ്ക്കു സാരഥ്യമരുളുവാന്‍
സംഘടിച്ചെന്നും വളരുന്നു സാരഥി

ഇന്ധനഭൂവില്‍ തളിരിട്ട സാരഥി
മലയാള നാടിന്റെ മാതൃക സാരഥി
ചാതുര്‍ വര്‍ണ്ണ്യത്തെ ചവിട്ടിയരച്ച
മഹാഗുരുവിന്റെ മന:സ്സാണു സാരഥി

സാമൂഹ്യ തിന്മകള്‍ക്കെതിരാണു സാരഥി
സമത്വത്തിനായി പൊരുതുന്നു സാരഥി
ആലംബഹീനരാം നാരായണീയര്‍ക്ക്
സ്വാന്തനമേകി വിളങ്ങുന്നു സാരഥി

നീതി ബോധത്തിന്‍ കരുത്താണു സാരഥി
സത്യധര്‍മ്മത്തിന്‍ പടയാളി സാരഥി
നിണമൊഴുക്കാതെ സമരം ജയിച്ചൊരു 
ഗുരുവിന്റെ പാദത്തിലര്‍പ്പിതം സാരഥി

പതിറ്റാണ്ടു പിന്നിട്ട സാരഥ്യ ശോഭയില്‍
നിസ്തുലമായി മുന്നേറുന്നു സാരഥി 
തളിര്‍ക്കട്ടെ പൂക്കട്ടെ മഹാ വൃക്ഷമാകട്ടെ
മാനവര്‍ക്കെന്നും തണലായി മാറട്ടെ സാരഥി

സിനില്‍ വിശ്വനാഥന്‍
അബ്ബാസിയ ഈസ്റ്റ് യൂണിറ്റ്