വാര്‍ത്തകള്‍

Sunday, February 11, 2018

ഒറ്റപ്പന - കവിത (സുലേഖ അജി)


ഒറ്റപ്പന

കാറ്റത്തുനില്‍ക്കുന്നൊരറ്റപ്പന നീല-
ക്കടലിന്റെ ചാരത്തൊരീന്തപ്പന
ചൂടിലും തണുപ്പിലും മഞ്ഞിലും മഴയിലും
ഒറ്റയ്ക്കുനില്‍ക്കുന്നൊരീന്തപ്പന
തേങ്ങുന്ന മനസിലും നിറയുന്ന  മിഴിയിലും
ഞാനെന്നുമുപമിക്കും ഈന്തപ്പന
നേരിനെ നോക്കിയിരിക്കുന്നപോലെ നീ
നീലക്കടലിനെ നോക്കി നില്‍പ്പൂ
ആഴക്കടലിലെ കുഞ്ഞോളമിങ്ങെത്തി
തീരത്തണയുന്ന കാഴ്ചകാണാന്‍
വീണ്ടും ജനിക്കുന്ന നീലത്തിരമാല
തീരത്ത് നില്‍ക്കുന്ന നിന്നെ കാണാന്‍
ഓടിക്കിതച്ചു പതച്ചു കുളിര്‍ത്തെത്തും
നേരത്ത് നീയെത്ര സുന്ദരിയായ്
നിന്‍ കാല്‍വിരലില്‍ വന്നുമ്മകള്‍ നല്‍കവെ
തിരമാലയെന്തിനോ കാത്തിനിന്നു
ഇനിയും വരാനുള്ള നീലത്തിരമാല
കാത്തുനില്‍ക്കുന്നിതീ ഒറ്റപ്പന

സുലേഖ അജി
ഹസ്സാവി യൂണിറ്റ്


Monday, February 5, 2018

എന്റെ മണ്ണ് - കവിത(സുലേഖ അജി)

എന്റെ മണ്ണ്

നിലാവിന്റെ നിറമുള്ള മണ്ണ്
എന്റെ നിനവിന്റെ നിറമുള്ള മണ്ണ്
സ്വപ്നത്തിന്‍ മണമുള്ള മണ്ണ്
എന്റെ ബാല്യത്തിന്‍ മണമുള്ള മണ്ണ്

കണ്ണെത്താദൂരത്തെ പച്ചപ്പിനുള്ളില്‍
ഞാനെന്നുമോര്‍ക്കുന്നു മണ്ണ്
പിച്ചനടൊന്നെരാ പഞ്ചാരമണ്ണില്‍
മുഖമൊന്നണയ്ക്കുവാന്‍ കൊതിയായ്
എന്റെ മുഖമൊന്നണയ്ക്കുവാന്‍ കൊതിയായ്

ബാല്യകൗമാരങ്ങള്‍ പൂവിട്ടുണര്‍ന്നൊരാ
നാട്ടുമാഞ്ചോട്ടിലിരിക്കാന്‍
ഊഞ്ഞാലിലാടിത്തളര്‍ന്നു..കുതിര്‍ന്നൊരാ
പേരതന്‍ കൊമ്പിലിരിക്കാന്‍
നീല പേരതന്‍ കൊമ്പിലിരിക്കാന്‍

ഇന്നും കൊതിക്കുന്നു കാലമേ ഞാനെന്റെ
മണ്ണിനെയോര്‍ത്തു തപിച്ചിടിന്നു
പഞ്ചാരമണ്ണില്‍ പതിഞ്ഞൊരെന്‍ കാല്‍പ്പാട്
നെഞ്ചോട് ചേര്‍ത്ത് മയങ്ങിടുന്നു.
ഇന്നും നെഞ്ചോട് ചേര്‍ത്ത് മയങ്ങിടുന്നു.

സുലേഖ അജി

ഹസ്സാവി യൂണിറ്റ്

Thursday, December 7, 2017

കാര്‍വര്‍ണ്ണന്‍ -കവിത (മിനി കിഷോര്‍)

കാര്‍വര്‍ണ്ണന്‍


ഇനിയും ഈ കാളിന്ദി  തുള്ളി തുളുമ്പുമോ
പ്രണയമൂറി  തുടങ്ങിയപ്പോൾ
എനിക്കേഴു  വർണങ്ങളുണ്ടായി
നീലക്കടമ്പിനരികിലുമാ പീലി -
തുണ്ടിലും ഞാൻ മയങ്ങി കിടന്നു.

ഒരോടക്കുഴൽ  നാദ താളത്തിൽ
നൃത്തമാടി  തിമിർത്തിടട്ടെ  ഞാൻ.
കൂത്താടിയോടുന്ന  പൈക്കിടാവായി
ഞാൻ പാരാകേ പാറി നടന്നു

താരക ശോഭയെഴും വാനിൽ
നിന്നെ തിരഞ്ഞു ഞാൻ അലഞ്ഞു
വാസന്ത വർണ്ണമൊരുക്കിയ  വാടിയിൽ
കാർവർണമേകാൻ  നീയെത്തുകില്ലേ ?

കാറ്റിന്റെ  കൈകോർത്തു മുല്ല പ്പൂ മണ-
മിന്നെന്റെ  അറയിലേക്കെത്തി നോക്കി
കൊലുസിട്ട  കാലിന്റെ  മണിയൊച്ച കേട്ടു
നീ മണി മാരനാകുവാൻ എത്തുമല്ലോ ?

തുള്ളിതെറിക്കുന്ന  മഞ്ചാടിക്കുരു -
വോന്നു നീ ഒപ്പമുണ്ടെന്നെന്നെയറി യിച്ചു.
മഞ്ഞ ചേല  ചുറ്റിക്കൊണ്ടൊരു മുക്കുറ്റി
ക്കൂട്ടമിതു കേട്ടു തലചായച്ചു  നാണിച്ചു നിന്നു.

കാർമേഘ മാലകൾ കനം വെച്ചു നിൽക്കെ
നീയെത്തിഎന്നെന്നെ അറിയിച്ചു മാരുതൻ
നിശയുടെ മറവിൽ നീ വന്നു ചേരുമോ ?
നിദ്രയിലിനി ഒറ്റ  നിസ്വാശo  ഉയരുമോ?

ഇനിയുമീ കാളിന്ദി  തുള്ളി തുളുമ്പുമോ?
ഞാനുമാ രാധയായി  പാടി തിമിർക്കുമോ ?
പ്രണയം നിറച്ചൊരു  ചെപ്പുമായ്‌  കാർ -
വർണ്ണാ നീ  ഇനിയും  കടന്നു വരുമോ ?

മിനി കിഷോര്‍
മംഗഫ് ഈസ്റ്റ് യൂണിറ്റ്

Thursday, November 16, 2017

സ്മരണാഞ്ജലി -ഉണ്ണി സജികുമാർ


അമ്മയെപ്പറ്റി പറയുമ്പോഴെല്ലാം നിറയുന്നു
എൻ മിഴികൾ രണ്ടും...
അമ്മയെപ്പറ്റി ഓർക്കുമ്പൊഴെല്ലാം
വിതുമ്പുന്നു എൻ മനമെന്നും ...
അമ്മയെപ്പറ്റി പറയുകിലോ തേനൂറുന്നു
എൻ നാവിലെന്നും ...
അമ്മയെപ്പറ്റി ഓർക്കുകിലോ
നിറയുന്നു എൻ ഹൃദയമെന്നും ...

ബാല്യകാലത്തിൽ നഷ്ടമായെന്നമ്മയെ
സ്നേഹിച്ചു മതി വരും മുൻപേ
നിറമിഴിയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ
എന്നമ്മ യാത്രയായപ്പോൾ
ബാല്യത്തിലെന്നമ്മ നൽകിയ മുത്തുകൾ
ഇന്നെന്റെ ജീവിതപവിഴങ്ങളല്ലോ
അന്നമ്മ നൽകിയ ചൂരൽ കഷായങ്ങൾ
ഇന്നെത്ര മധുരമായ്തീർന്നു.

തന്റെ പൊന്നോമന മക്കൾ തൻ രോദനം അമ്മതൻ വേദനയായി
ഒട്ടിയ വയറുമായ് പാവമെൻ പൊന്നമ്മ
മക്കൾ തൻ വയറു നിറക്കാൻ
തേങ്ങിയ കണ്ണുനീരിന്നുമെൻ
ഓർമ്മയിൽ
നോവുതൻ നേർത്ത നനവായ്

അന്നമ്മ പേറിയ ദുരിത ദുഃഖങ്ങൾക്ക്
ഈ മക്കൾ തന്നുടെ  പുഷ്പാഞ്ജലി
ഈ മക്കൾ തന്നുടെ ഹൃദയാഞ്ജലി
ഈ മക്കൾ തന്നുടെ സ്മരണാഞ്ജലി.


ഉണ്ണി സജികുമാർ,

ഹവല്ലീ യൂണിറ്റ്

Wednesday, October 11, 2017

വർണ്ണ വസന്തം-കവിത(സൈഗാള്‍ സുശീലന്‍)


 വർണ്ണ വസന്തം

വരവായ പുലരിയെ തഴുകിത്തലോടി
ശൈത്യമാർന്നീരാവ് മായ്കയായീ
വർണ്ണങ്ങൾ മാറ്റുന്ന പകലിൻറെ നിറവിനാൽ
പൂവാകയൊന്നുലഞ്ഞാടി നിന്നു

നനവാർന്ന പച്ചിളം തണ്ടൊന്നു നോവിനാൽ
മൊട്ടിട്ടു ഈരണ്ടു കുഞ്ഞിലകൾ
ചിമ്മിത്തുറന്നൊരാ ഇലയുടെ മിഴികളിൽ
ഇളം വെയിലിന്റെ രശ്മികൾ തൊട്ടുമെല്ലെ

കാറ്റും ലതകളും പറയുന്ന പരിഭവം
കേൾക്കുവാൻ കുയിലുകൾ പാറിവന്നു
ലതയുടെ മടിത്തട്ടിലിരുന്നൊരു ചെറുപുഷ്പ്പം
തൻ പരിമളത്തിൻ കഥ ചൊല്ലിടുന്നു

ഹരിതകം നിറയുമീ  ഇലയുടെ മിഴികളിൾ
മാനം വർണ്ണങ്ങൾ വാരി വിതറിടുന്നു
മിന്നും ഇളവെയിൽ തൊട്ടുതൊട്ടങ്ങനെ
ഇലകളെ മെല്ലെ കൊഞ്ചിച്ചിടുന്നു

ആയിരം കൊമ്പുള്ള പൂവാകവള്ളിയിൽ
ഉഞ്ഞാലാടിടുന്നു ചെറുശലഭങ്ങളും
തേൻ നുകർന്നും മതിച്ചും ശലഭങ്ങൾ
ആനന്ദ നൃത്തം ചവിട്ടിടുന്നു

വിസ്മയം കണ്ടു നിൽക്കുന്ന പൂക്കളെ
മേൽചൂട് തൊട്ടു നോവിക്കയായീ
എങ്കിലും തണ്ടുകൾ അമൃതം പകർന്നിതാ
പൂക്കളെ  താരാട്ടു പാടിടുന്നു

കാറ്റിൻറെ കൈകളിൽ തത്തിക്കളിക്കുന്ന
അപ്പൂപ്പൻതാടിയൊന്നാടിയെത്തി
താരുകൾ തളിരുകൾ വാടിക കൂട്ടങ്ങൾ
കാറ്റിൽ കൗതുകം  വാരിച്ചൊരിഞ്ഞിടുന്നു

ചിറകടിച്ചെത്തിയ വണ്ണാത്തിക്കിളികളും
കളകളം നാദങ്ങളേറ്റുപാടി
മേഘങ്ങൾ മാനത്തു കൂടൊന്നു കൂട്ടി
മഴത്തുള്ളിയാൽ നെയ്‌ത പുതപ്പൊരുക്കി

ഈറനണിഞ്ഞിതാ വാടികളൊക്കെയും
വസന്തംതൂകി തുടുത്തുനിൽപ്പു
ആകാശവീഥിയിൽ മഴവില്ലൊരുക്കുന്നു
വസന്ത സംഗീതമാർന്നൊരു സർഗ്ഗരാഗം

സ്വപ്‌നങ്ങൾ ചൂടുമീ വസന്തത്തിൻ മാളിക
നോവാൽ നിറംവെച്ചൊരോർമ്മയല്ലോ
കാലം കടഞ്ഞ ഋതുക്കളിൽ എപ്പോഴും
വസന്തം വസന്തം വസന്തം മാത്രം…….


സൈഗാൾ സുശീലൻ 
സാൽമിയ യൂണിറ്റ്



Sunday, October 8, 2017

അക്ഷര ദേവത- കവിത(സുലേഖ അജി‌)

അക്ഷര ദേവത

അക്ഷരദേവതേ സരസ്വതി
അറിവിന്റെ ദേവതേ  സരസ്വതി
ഓംകാരപ്പൊരുളിന്റെ ഉള്ളില് നിറയുന്ന
അനന്തമാം അറിവിന്റെ വെളിച്ചമേ.

നാവിലുദിക്കുന്ന വാക്കുകൾക്കപ്പുറം
നീയെൻറെ ബുദ്ധിയിൽ നിറയണമേ
അമ്മെ സരസ്വതി അറിവിന്റെ ദേവതേ
അറിവായി നിറയണം നീയെന്നിൽ
അഴകായ് നിറയണം നീയെന്നിൽ

കുഞ്ഞുകരച്ചിലായ് പിറവിയെടുത്തെന്നിൽ
നാദമായ് ശ്വാസമായ് കൂടെയുണ്ട്
ജീവിതപുസ്തക താളിലെയക്ഷര കൂട്ടുകാരിയായി കൂടെയുണ്ട് എന്റെ
ജീവിത പാതയിൽ നീയുണ്ട്.

അമ്മയായ് വന്നെന്റെ നാവിലുദിച്ചൊരാ
ആദ്യാക്ഷരമിന്നെന്നറിവായ്‌ തെളിയവേ
നാവിൽ വിളങ്ങണേ നീയെന്നുമമ്മേ
വീണാപുസ്തക ധാരിണി ദേവി
താമരപ്പൂവിൽ വാഴും സരസ്വതി.

അക്ഷര ദേവതേ സരസ്വതി
അറിവിന്റെ ദേവതേ സരസ്വതി
ഓംകാരപ്പൊരുളിന്റെ ഉള്ളിൽ നിറയുന്ന
അനന്തമാം അറിവിന്റെ വെളിച്ചമേ

സുലേഖ അജി
ഹസ്സാവി യൂണിറ്റ്




Thursday, September 28, 2017

മഴ ഒരോർമ്മ - കവിത (അരുൺ കുളത്തുമൺ)

മഴ ഒരോർമ്മ

കാലങ്ങൾ എത്രനാൾ കാത്തുനിന്നു ഞാൻ
കാലപ്പഴക്കത്തിൻ കാതലുമായ്.

എൻ പ്രാണസഖിയേ  എങ്ങുപൊയിന്നു നീ
എൻ പ്രാണൻ അറ്റങ്ങു പോകയായി.

ഓർക്കുന്നു ഞാൻ നിന്നെയെൻ തളിർ മേനിയിൽ
തഴുകിയൊഴുകുമാ ബാലൃസ്മരണകൾ.

പെയ്തുതോരാതെ പെരുമഴയായ് വന്നു എൻ
ഇലകളിൽ മീട്ടുമാ മധുര സംഗീതവും .

നീയങ്ങു പോകുമ്പോളെൻ തോളിലേറി
 നിന്നെ വിളിക്കുന്ന വേഴാമ്പലും .

നീരുറവയായ് നിയെൻ പാദമാകെ
തഴുകിയൊഴുകി നദിയായൊഴുകി നീ.

കാലമത്രയും മാഞ്ഞുപോയിന്നു നിൻ
സ്മരണകൾ മാത്രം ബാക്കിയായി .

പൃഥിതൻ മാറിൽ പിറവിപൂണ്ടൊരു
മർത്യകുലത്തിൽ ചേതിതൻ കാരണം.

ജീവസമൂഹം പലതുണ്ട് പൃഥിയിൽ
തൻകുലം മുടിപ്പതു മർത്യജന്മം .

സ്വാർത്ഥമോഹത്താൽ പെയ്യുമീകർമ്മങ്ങൾ
തകർത്തിട്ടും തൻ കുലത്തെയെന്നോർത്തു കൊൾക .

ഒരു മഴക്കാടായ് തങ്ങിനിന്നെന്നുടെ
സോദരർ വെറും മഴു തിന്ന കുറ്റികൾ .

എന്നിലകളെല്ലാം തളർന്നുപോയ്
നിൻ വേർപാടുതൻ കാരണത്താൽ.

എൻ പാദനൂലിഴകളാൽ തേടി നടന്നു ഞാൻ
പൃഥിതൻ ആഴങ്ങളിൽ .

ഒരുതുള്ളി നീരുറവയില്ലിവിടയെങ്ങും
മണ്ണായ്മാറുന്നു എൻ പാദനൂലിഴകൾ.

കാലാവർഷകാലത്തൊരു ചെറുമഴ ചാറിയാൽ
മണ്ണിലിറങ്ങാത്ത കാലമത്രെ .

മാലിന്യക്കൂനകളെങ്ങും നിറയുന്നു
നികൃഷ്ട ജന്മത്തിൻ ചേതികൾ തൻഫലം .

ചിന്തിക്കുവാൻ ശേഷിയില്ലങ്കിലും
വാസസ്ഥലത്തിൻ മഹിമയൊന്നു വേറെ തന്നെ

ദാഹനീരിനായ് പടയൊരുക്കം പടി-
വാതിൽക്കൽ എത്തിയെന്നോർത്തീടുവിൻ.

മാറണം മാനുഷാ ഇനിയെങ്കിലും
പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുവിൻ..

അരുൺ കുളത്തുമൺ

     ഹസ്സാവി യൂണിറ്റ്