ജ്ഞാന പ്രകാശമേ ..ശരണം
അചാര്യനോടൊത്തു ഗുരുവരുൾ വാക്കിന്റെ,
പൊരുളായ പൊതിയൊന്നഴിച്ചിടുന്നേ,
പൊരുളിന്റെ അകതാരു കണ്ടീടുവാൻ,
ഞാനെൻ പൊരുളിന്റെ
പൊതിയൊന്നഴിച്ചിടുന്നൂ
ഗുരുവേ.. ശരണം,പൊരുളേ.. ശരണം
ജ്ഞാന പ്രകാശമേ ..ശരണം
ഓതിയ വാക്കിന്റെ, അറിവിന്റെ, പൊരുളിന്റെ,
അറിവായ പൊരുളേ ശരണം.
അറിവായ പൊരുളേ അഭയം.
കോർത്തു കോർത്തിട്ടൊരു
രത്നമാല്യങ്ങളായ്.
അക്ഷരം മിന്നി തിളങ്ങിടുന്നൂ.
മിഴി,
ദിവ്യപ്രഭയേറി നിന്നിടുന്നു.
കൂമ്പിയടഞ്ഞമിഴി രണ്ടുമകക്കോണിൽ,
പൂജാപാത്രമതേന്തിടുന്നു.
പിന്നെ നിറദീപം കണ്ടു വണങ്ങിടുന്നു, (ഗുരുവേ.. ശരണം)
ആത്മോപദേശശതകാഗ്നി കുണ്ഠത്തിൽ,
ചമതയായ് ഞാനൊന്നെരിഞ്ഞിടുന്നൂ,
ഘൃതമായ് മനസ്സൊന്നുരുകിടുന്നു,
ഹവിസ്സായ കർമ്മവും,മഹസ്സയായ ധർമ്മവും
അർപ്പിച്ചു കൈപ്പൂപ്പി നിന്നിടുന്നു,. (ഗുരുവേ.. ശരണം)
ഗുരുവും നീ നാഥനും, വഴിയും നീ നാദവും,
പ്രണവപ്രകാശം പകർന്നിടുന്നു,
കുളിരായി, ഉണ്മയായ്, സത്യപ്രകാശമായി
അദ്വൈത ദീപം തെളിഞ്ഞിടുന്നു
സർവ്വവും മായയായി മാറിടുന്നു,
സമത്വവും ഒന്നായി ചമഞ്ഞിടുന്നു. (ഗുരുവേ.. ശരണം)
തെരുതെരെ വീണു നമസ്ക്കരിച്ചുടയോന്റെ,
തത്വത്തിൻ പൂന്തേൻ നുകർന്നിടുന്നു
ജപ തപ മാല്യങ്ങൾ, തിരു വരുളമൃതങ്ങൾ,
ധാരയായി, നിരയായൊഴുകിടുമ്പോൾ,
ശക്തി, കുണ്ഡലീനീ നടനമാടിടുന്നൂ.
ശിവപാദം പൂകിടാൻ, തിരു ജടയിലെത്തിടാൻ,
ജ്ഞാന കമലം വിടർത്തീടുവാൻ.
ശക്തി, കുണ്ഡലീനീ നടനമാടിടുന്നൂ
പഞ്ചഭൂതങ്ങളും, പഞ്ചേന്ദ്രിയങ്ങളും,
പൊൻ വിളക്കായി ജ്വലിച്ചിടുന്നേൻ,
നിറവാർന്നു, പൊലിവാർന്നു,
ഇരുളീന്റെയിടവഴികൾ,
പൊൻ കതിർ തൂവി നിറഞ്ഞിടുന്നൂ. (ഗുരുവേ.. ശരണം)
സതീശൻ പയ്യന്നൂർ
അഹമ്മദി യൂണിറ്റ്
No comments:
Post a Comment