വാര്‍ത്തകള്‍

Thursday, December 7, 2017

കാര്‍വര്‍ണ്ണന്‍ -കവിത (മിനി കിഷോര്‍)

കാര്‍വര്‍ണ്ണന്‍


ഇനിയും ഈ കാളിന്ദി  തുള്ളി തുളുമ്പുമോ
പ്രണയമൂറി  തുടങ്ങിയപ്പോൾ
എനിക്കേഴു  വർണങ്ങളുണ്ടായി
നീലക്കടമ്പിനരികിലുമാ പീലി -
തുണ്ടിലും ഞാൻ മയങ്ങി കിടന്നു.

ഒരോടക്കുഴൽ  നാദ താളത്തിൽ
നൃത്തമാടി  തിമിർത്തിടട്ടെ  ഞാൻ.
കൂത്താടിയോടുന്ന  പൈക്കിടാവായി
ഞാൻ പാരാകേ പാറി നടന്നു

താരക ശോഭയെഴും വാനിൽ
നിന്നെ തിരഞ്ഞു ഞാൻ അലഞ്ഞു
വാസന്ത വർണ്ണമൊരുക്കിയ  വാടിയിൽ
കാർവർണമേകാൻ  നീയെത്തുകില്ലേ ?

കാറ്റിന്റെ  കൈകോർത്തു മുല്ല പ്പൂ മണ-
മിന്നെന്റെ  അറയിലേക്കെത്തി നോക്കി
കൊലുസിട്ട  കാലിന്റെ  മണിയൊച്ച കേട്ടു
നീ മണി മാരനാകുവാൻ എത്തുമല്ലോ ?

തുള്ളിതെറിക്കുന്ന  മഞ്ചാടിക്കുരു -
വോന്നു നീ ഒപ്പമുണ്ടെന്നെന്നെയറി യിച്ചു.
മഞ്ഞ ചേല  ചുറ്റിക്കൊണ്ടൊരു മുക്കുറ്റി
ക്കൂട്ടമിതു കേട്ടു തലചായച്ചു  നാണിച്ചു നിന്നു.

കാർമേഘ മാലകൾ കനം വെച്ചു നിൽക്കെ
നീയെത്തിഎന്നെന്നെ അറിയിച്ചു മാരുതൻ
നിശയുടെ മറവിൽ നീ വന്നു ചേരുമോ ?
നിദ്രയിലിനി ഒറ്റ  നിസ്വാശo  ഉയരുമോ?

ഇനിയുമീ കാളിന്ദി  തുള്ളി തുളുമ്പുമോ?
ഞാനുമാ രാധയായി  പാടി തിമിർക്കുമോ ?
പ്രണയം നിറച്ചൊരു  ചെപ്പുമായ്‌  കാർ -
വർണ്ണാ നീ  ഇനിയും  കടന്നു വരുമോ ?

മിനി കിഷോര്‍
മംഗഫ് ഈസ്റ്റ് യൂണിറ്റ്

Thursday, November 16, 2017

സ്മരണാഞ്ജലി -ഉണ്ണി സജികുമാർ


അമ്മയെപ്പറ്റി പറയുമ്പോഴെല്ലാം നിറയുന്നു
എൻ മിഴികൾ രണ്ടും...
അമ്മയെപ്പറ്റി ഓർക്കുമ്പൊഴെല്ലാം
വിതുമ്പുന്നു എൻ മനമെന്നും ...
അമ്മയെപ്പറ്റി പറയുകിലോ തേനൂറുന്നു
എൻ നാവിലെന്നും ...
അമ്മയെപ്പറ്റി ഓർക്കുകിലോ
നിറയുന്നു എൻ ഹൃദയമെന്നും ...

ബാല്യകാലത്തിൽ നഷ്ടമായെന്നമ്മയെ
സ്നേഹിച്ചു മതി വരും മുൻപേ
നിറമിഴിയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ
എന്നമ്മ യാത്രയായപ്പോൾ
ബാല്യത്തിലെന്നമ്മ നൽകിയ മുത്തുകൾ
ഇന്നെന്റെ ജീവിതപവിഴങ്ങളല്ലോ
അന്നമ്മ നൽകിയ ചൂരൽ കഷായങ്ങൾ
ഇന്നെത്ര മധുരമായ്തീർന്നു.

തന്റെ പൊന്നോമന മക്കൾ തൻ രോദനം അമ്മതൻ വേദനയായി
ഒട്ടിയ വയറുമായ് പാവമെൻ പൊന്നമ്മ
മക്കൾ തൻ വയറു നിറക്കാൻ
തേങ്ങിയ കണ്ണുനീരിന്നുമെൻ
ഓർമ്മയിൽ
നോവുതൻ നേർത്ത നനവായ്

അന്നമ്മ പേറിയ ദുരിത ദുഃഖങ്ങൾക്ക്
ഈ മക്കൾ തന്നുടെ  പുഷ്പാഞ്ജലി
ഈ മക്കൾ തന്നുടെ ഹൃദയാഞ്ജലി
ഈ മക്കൾ തന്നുടെ സ്മരണാഞ്ജലി.


ഉണ്ണി സജികുമാർ,

ഹവല്ലീ യൂണിറ്റ്

Wednesday, October 11, 2017

വർണ്ണ വസന്തം-കവിത(സൈഗാള്‍ സുശീലന്‍)


 വർണ്ണ വസന്തം

വരവായ പുലരിയെ തഴുകിത്തലോടി
ശൈത്യമാർന്നീരാവ് മായ്കയായീ
വർണ്ണങ്ങൾ മാറ്റുന്ന പകലിൻറെ നിറവിനാൽ
പൂവാകയൊന്നുലഞ്ഞാടി നിന്നു

നനവാർന്ന പച്ചിളം തണ്ടൊന്നു നോവിനാൽ
മൊട്ടിട്ടു ഈരണ്ടു കുഞ്ഞിലകൾ
ചിമ്മിത്തുറന്നൊരാ ഇലയുടെ മിഴികളിൽ
ഇളം വെയിലിന്റെ രശ്മികൾ തൊട്ടുമെല്ലെ

കാറ്റും ലതകളും പറയുന്ന പരിഭവം
കേൾക്കുവാൻ കുയിലുകൾ പാറിവന്നു
ലതയുടെ മടിത്തട്ടിലിരുന്നൊരു ചെറുപുഷ്പ്പം
തൻ പരിമളത്തിൻ കഥ ചൊല്ലിടുന്നു

ഹരിതകം നിറയുമീ  ഇലയുടെ മിഴികളിൾ
മാനം വർണ്ണങ്ങൾ വാരി വിതറിടുന്നു
മിന്നും ഇളവെയിൽ തൊട്ടുതൊട്ടങ്ങനെ
ഇലകളെ മെല്ലെ കൊഞ്ചിച്ചിടുന്നു

ആയിരം കൊമ്പുള്ള പൂവാകവള്ളിയിൽ
ഉഞ്ഞാലാടിടുന്നു ചെറുശലഭങ്ങളും
തേൻ നുകർന്നും മതിച്ചും ശലഭങ്ങൾ
ആനന്ദ നൃത്തം ചവിട്ടിടുന്നു

വിസ്മയം കണ്ടു നിൽക്കുന്ന പൂക്കളെ
മേൽചൂട് തൊട്ടു നോവിക്കയായീ
എങ്കിലും തണ്ടുകൾ അമൃതം പകർന്നിതാ
പൂക്കളെ  താരാട്ടു പാടിടുന്നു

കാറ്റിൻറെ കൈകളിൽ തത്തിക്കളിക്കുന്ന
അപ്പൂപ്പൻതാടിയൊന്നാടിയെത്തി
താരുകൾ തളിരുകൾ വാടിക കൂട്ടങ്ങൾ
കാറ്റിൽ കൗതുകം  വാരിച്ചൊരിഞ്ഞിടുന്നു

ചിറകടിച്ചെത്തിയ വണ്ണാത്തിക്കിളികളും
കളകളം നാദങ്ങളേറ്റുപാടി
മേഘങ്ങൾ മാനത്തു കൂടൊന്നു കൂട്ടി
മഴത്തുള്ളിയാൽ നെയ്‌ത പുതപ്പൊരുക്കി

ഈറനണിഞ്ഞിതാ വാടികളൊക്കെയും
വസന്തംതൂകി തുടുത്തുനിൽപ്പു
ആകാശവീഥിയിൽ മഴവില്ലൊരുക്കുന്നു
വസന്ത സംഗീതമാർന്നൊരു സർഗ്ഗരാഗം

സ്വപ്‌നങ്ങൾ ചൂടുമീ വസന്തത്തിൻ മാളിക
നോവാൽ നിറംവെച്ചൊരോർമ്മയല്ലോ
കാലം കടഞ്ഞ ഋതുക്കളിൽ എപ്പോഴും
വസന്തം വസന്തം വസന്തം മാത്രം…….


സൈഗാൾ സുശീലൻ 
സാൽമിയ യൂണിറ്റ്



Sunday, October 8, 2017

അക്ഷര ദേവത- കവിത(സുലേഖ അജി‌)

അക്ഷര ദേവത

അക്ഷരദേവതേ സരസ്വതി
അറിവിന്റെ ദേവതേ  സരസ്വതി
ഓംകാരപ്പൊരുളിന്റെ ഉള്ളില് നിറയുന്ന
അനന്തമാം അറിവിന്റെ വെളിച്ചമേ.

നാവിലുദിക്കുന്ന വാക്കുകൾക്കപ്പുറം
നീയെൻറെ ബുദ്ധിയിൽ നിറയണമേ
അമ്മെ സരസ്വതി അറിവിന്റെ ദേവതേ
അറിവായി നിറയണം നീയെന്നിൽ
അഴകായ് നിറയണം നീയെന്നിൽ

കുഞ്ഞുകരച്ചിലായ് പിറവിയെടുത്തെന്നിൽ
നാദമായ് ശ്വാസമായ് കൂടെയുണ്ട്
ജീവിതപുസ്തക താളിലെയക്ഷര കൂട്ടുകാരിയായി കൂടെയുണ്ട് എന്റെ
ജീവിത പാതയിൽ നീയുണ്ട്.

അമ്മയായ് വന്നെന്റെ നാവിലുദിച്ചൊരാ
ആദ്യാക്ഷരമിന്നെന്നറിവായ്‌ തെളിയവേ
നാവിൽ വിളങ്ങണേ നീയെന്നുമമ്മേ
വീണാപുസ്തക ധാരിണി ദേവി
താമരപ്പൂവിൽ വാഴും സരസ്വതി.

അക്ഷര ദേവതേ സരസ്വതി
അറിവിന്റെ ദേവതേ സരസ്വതി
ഓംകാരപ്പൊരുളിന്റെ ഉള്ളിൽ നിറയുന്ന
അനന്തമാം അറിവിന്റെ വെളിച്ചമേ

സുലേഖ അജി
ഹസ്സാവി യൂണിറ്റ്




Thursday, September 28, 2017

മഴ ഒരോർമ്മ - കവിത (അരുൺ കുളത്തുമൺ)

മഴ ഒരോർമ്മ

കാലങ്ങൾ എത്രനാൾ കാത്തുനിന്നു ഞാൻ
കാലപ്പഴക്കത്തിൻ കാതലുമായ്.

എൻ പ്രാണസഖിയേ  എങ്ങുപൊയിന്നു നീ
എൻ പ്രാണൻ അറ്റങ്ങു പോകയായി.

ഓർക്കുന്നു ഞാൻ നിന്നെയെൻ തളിർ മേനിയിൽ
തഴുകിയൊഴുകുമാ ബാലൃസ്മരണകൾ.

പെയ്തുതോരാതെ പെരുമഴയായ് വന്നു എൻ
ഇലകളിൽ മീട്ടുമാ മധുര സംഗീതവും .

നീയങ്ങു പോകുമ്പോളെൻ തോളിലേറി
 നിന്നെ വിളിക്കുന്ന വേഴാമ്പലും .

നീരുറവയായ് നിയെൻ പാദമാകെ
തഴുകിയൊഴുകി നദിയായൊഴുകി നീ.

കാലമത്രയും മാഞ്ഞുപോയിന്നു നിൻ
സ്മരണകൾ മാത്രം ബാക്കിയായി .

പൃഥിതൻ മാറിൽ പിറവിപൂണ്ടൊരു
മർത്യകുലത്തിൽ ചേതിതൻ കാരണം.

ജീവസമൂഹം പലതുണ്ട് പൃഥിയിൽ
തൻകുലം മുടിപ്പതു മർത്യജന്മം .

സ്വാർത്ഥമോഹത്താൽ പെയ്യുമീകർമ്മങ്ങൾ
തകർത്തിട്ടും തൻ കുലത്തെയെന്നോർത്തു കൊൾക .

ഒരു മഴക്കാടായ് തങ്ങിനിന്നെന്നുടെ
സോദരർ വെറും മഴു തിന്ന കുറ്റികൾ .

എന്നിലകളെല്ലാം തളർന്നുപോയ്
നിൻ വേർപാടുതൻ കാരണത്താൽ.

എൻ പാദനൂലിഴകളാൽ തേടി നടന്നു ഞാൻ
പൃഥിതൻ ആഴങ്ങളിൽ .

ഒരുതുള്ളി നീരുറവയില്ലിവിടയെങ്ങും
മണ്ണായ്മാറുന്നു എൻ പാദനൂലിഴകൾ.

കാലാവർഷകാലത്തൊരു ചെറുമഴ ചാറിയാൽ
മണ്ണിലിറങ്ങാത്ത കാലമത്രെ .

മാലിന്യക്കൂനകളെങ്ങും നിറയുന്നു
നികൃഷ്ട ജന്മത്തിൻ ചേതികൾ തൻഫലം .

ചിന്തിക്കുവാൻ ശേഷിയില്ലങ്കിലും
വാസസ്ഥലത്തിൻ മഹിമയൊന്നു വേറെ തന്നെ

ദാഹനീരിനായ് പടയൊരുക്കം പടി-
വാതിൽക്കൽ എത്തിയെന്നോർത്തീടുവിൻ.

മാറണം മാനുഷാ ഇനിയെങ്കിലും
പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുവിൻ..

അരുൺ കുളത്തുമൺ

     ഹസ്സാവി യൂണിറ്റ്

Wednesday, September 27, 2017

ആശാനും വിദ്യാരംഭവും- അനുഭവകുറിപ്പ് (ലിനി ജയന്‍)

ആശാനും വിദ്യാരംഭവും

അനിയത്തിയെ അമ്മ ഗര്‍ഭം ധരിച്ചിരുന്ന സമയം.  എന്നെ നോക്കാനും വീട്ടിലെ കാര്യങ്ങളും ചെയ്യാന്‍ പറ്റില്ല എന്നത് കൊണ്ട് രണ്ടാം വയസില്‍ എനിക്ക് കിട്ടിയ സ്ഥലം മാറ്റം ആയിരുന്നു അമ്മയുടെ കുടുംബവീട്ടിലേക്കുള്ള താമസം.

കൊല്ലം ജില്ലയിലെ ആയൂരിനു അടുത്തുള്ള വയയ്ക്കല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ തകര്‍ത്തു കളിച്ചു നടക്കാന്‍ കൂട്ടിനു വേറെയും ഉണ്ടായിരുന്നു സഹോദരങ്ങള്‍. കളി മുഴുവനും പള്ളി ശവക്കോട്ടയിലും പിന്നെ തൊട്ടു ചേര്‍ന്നുള്ള കശുമാവിന്‍‍ തോട്ടത്തിലും അതിനു നടുക്കായിട്ടുള്ള ഒരു വലിയ പാറക്കും മുകളില്‍ ആയിരുന്നു. കശുമാങ്ങ മാറി ഇപ്പോള്‍ റബ്ബര്‍ ആയി. പാറ ഇപ്പോഴും ഉണ്ട്. പണ്ടേ അതൊരു കക്കൂസായി കരുതിപ്പോന്നിരുന്നു. ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. അങ്ങനെ ഇരിക്കെ അപ്പച്ചനു ഒരു തോന്നല്‍ ഇതിനെയൊക്കെ പിടിച്ചു അക്ഷരം പഠിപ്പിക്കാന്‍ ഇരുത്താം എന്ന്.

ഒരാളു വരുന്നു പഠിപ്പിക്കാന്‍. അത് മാത്രം അറിയാം. ആരാ എന്താ ഹും ഹും അറിയില്ല. ഇനിയുള്ള കാര്യങ്ങള്‍ പറയണമെങ്കില്‍ ഞങ്ങളുടെ കുടുംബ വീടിന്റെ കിടപ്പ് വശം ഒന്ന് പറയണം. ഒരു കുന്നിന്റെ മുകളില്‍ പള്ളി അതിനു ചേര്‍ന്ന് അടുത്ത തട്ടില്‍ ശവക്കോട്ട. അടുത്തത് ഞങ്ങളുടെ വീടാണ്. ഇരുവശങ്ങളിലുമായി കശുമാവിന്‍ തോട്ടങ്ങള്‍ . പിന്നെ താഴോട്ട് റബ്ബര്‍ ആണ്. റബ്ബര്‍ തോട്ടത്തിനു അതിരായി കൈതച്ചക്ക നിരന്നു നില്‍പ്പുണ്ട് . കുന്നിന്റെ അടിവാരത്തില്‍ നിരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളും അതിനു ഇരു വശത്തുമായി ഒഴുകി വരുന്ന ചെറിയ അരുവിയും  അത് ഒന്നിച്ചു ചേരുന്നിടത്ത് നിന്ന് കയറി ചെല്ലുന്നത് ഒരു ക്ഷേത്രത്തിലേക്കും. അതൊരു കുഞ്ഞു കയറ്റമാണ് എപ്പോഴും തെറ്റല്‍ ഉള്ള ഒരു കയറ്റം. ഒരുപാടു പേര്‍ക്ക് മെയിന്‍ റോഡില്‍ നിന്നും വീട്ടിലേക്കു കേറാനുള്ള ഒരു കുറുക്കു വഴിയും ആണത്.

ഓഹോയ്‌..... ഒരു വിളി, ക്ഷേത്ര കയറ്റത്തില്‍ നിന്നാണ്. ഉമ്മറത്തിരുന്ന അപ്പച്ചന്‍ തോര്‍ത്തെടുത്ത് തോളത്തിട്ടു ഒരൊറ്റ ഓട്ടം. ഞങ്ങള്‍ വിടുമോ... കൂടെ ഓടി തള്ളക്കോഴിക്കു പിന്നാലെ കുഞ്ഞുങ്ങള്‍ എന്ന പോലെ. കുന്നിറങ്ങി പാടവരമ്പിലൂടെ കുഞ്ഞരുവിയും ചാടി കയറ്റം എത്തിയപ്പോള്‍ നിന്നു. നമ്മുടെ കുഞ്ഞുണ്ണി മാഷ് വെളുത്ത് വണ്ണം കുറഞ്ഞാല്‍ എങ്ങനെ ഇരിക്കും അതുപോലെ ഒരു അപ്പൂപ്പന്‍ വടിയും കുത്തി നില്‍പ്പാണ് കയറ്റത്തിന്റെ മുകളില്‍. ഇട്ടിരുന്ന ചെരുപ്പ് കൈയില്‍ തൂക്കി പിടിച്ചിട്ടുണ്ട്. സ്ലിപ്പര്‍ എന്ന വാക്ക് നാക്കിനു വഴങ്ങാത്തത് കൊണ്ടാണോ എന്നറിയില്ല വള്ളി ചെരുപ്പ് എന്ന് വിളിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. അപ്പച്ചന്‍ കയറ്റം കയറി ആശാന്‍റെ ചെരുപ്പും വാങ്ങിച്ചു പിടിച്ചു ഒരു കൈ കൊണ്ട് താങ്ങി ആ തെന്നുന്ന കയറ്റം ഇറക്കി. പിന്നെ ആശാന്‍ വടിയും കുത്തി നടന്നു തുടങ്ങി.

നിലവിളക്ക് കത്തിച്ചു വെച്ച് വലിയ ഒരു പ്ലേറ്റില്‍ അരി നിരത്തി ആശാന്‍ ഞങ്ങളെ ഓരോരുത്തരെ മടിയില്‍ ഇരുത്തി ചൂണ്ടുവിരല്‍ പിടിച്ചു അരിയില്‍ എഴുതിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. നല്ല രസമായിരുന്നു. പിറ്റേന്ന് ഞങ്ങള്‍ കയറ്റത്തില്‍ തന്നെ ആശാനെയും കാത്തിരിപ്പായി. പക്ഷെ ഇത്തവണ അരിക്ക് പകരം ഞങ്ങളെ കാത്തിരുന്നത് കഴുകി വൃത്തിയാക്കിയ മണല്‍ ആയിരുന്നു . മണലില്‍ എഴുതുക എന്ന് പറയുന്നത് അയ്യോ ഇപ്പോഴും ചൂണ്ടു വിരലില്‍ ഒരു നീറല്‍. അക്ഷരം നേരെ എഴുതിയില്ലെങ്കില്‍ ചൂണ്ടു വിരല്‍ മണലില്‍ അമര്‍ത്തി ആശാന്‍റെ ഒരു മാസ്റ്റര്‍ പീസ്‌ എഴുത്തുണ്ട്. കണ്ണില്‍ വെള്ളം വന്നു നിറഞ്ഞു കരഞ്ഞു കൊണ്ട് അങ്ങനെ എഴുതിയ എത്ര എത്ര അക്ഷരങ്ങള്‍, വാക്കുകള്‍. അങ്ങനെ ഉള്ള ദിവസങ്ങളില്‍ ആശാന്‍ പോയി കഴിഞ്ഞു പറഞ്ഞ ചീത്തകള്‍ എണ്ണിയാല്‍ തീരില്ല. പിറ്റേന്ന് ഇങ്ങു വരട്ടെ കയറ്റത്തില്‍ നിന്നു തള്ളിയിടും, ചെരുപ്പിന്റെ വള്ളി മുറിക്കും എന്നിങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞേ സമാധാനം ഉണ്ടാകുകയുള്ളൂ. ഞങ്ങളുടെ ഈ മണലില്‍ എഴുതലും ചീത്ത വിളിക്കലും രണ്ടു വര്‍ഷത്തേക്ക് നിര്‍ബാധം തുടര്‍ന്നു വന്നിരുന്നു. പിന്നീട് എന്റെ വീട്ടിലേക്ക് .... സ്കൂളില്‍ ചേര്‍ക്കാന്‍ വേണ്ടിയായിരുന്നു. അതോടു കൂടി ആ നല്ല കുട്ടിക്കാലത്തിനും ചെരുപ്പ് വഹിച്ചു കൊണ്ടുള്ള എന്റെ യാത്രകള്‍ക്കും വിരാമമാകുകയായിരുന്നു.

 വര്‍ഷങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍. ആ വള്ളിചെരുപ്പു പിടിച്ചു പാടവരമ്പത്തൂടെ ഒന്ന് കൂടി നടക്കാന്‍ ആഗ്രഹം...ആ കുഞ്ഞരുവിയില്‍ ഒന്ന് കൂടി ചെന്ന് വെള്ളം ചവിട്ടി തെറിപ്പിക്കണം. അരികത്തു നില്‍ക്കുന്ന മുള്ളിന്‍ കാ പറിച്ചു കഴിക്കണം. കൈതച്ചക്കയുടെ മുള്ളുള്ള കൂര്‍ത്ത ഇലകളില്‍ കുഞ്ഞു പാവാട ഒന്ന് കൂടി കുരുക്കണം. ആശാന്‍റെ കൈയും പിടിച്ചു ആ അക്ഷര പഠനത്തിലൂടെ ഒന്ന് കൂടി നടക്കണം.........വളരേണ്ടിയിരുന്നില്ല..........

ലിനി ജയന്‍

ഫര്‍വാനിയ യൂണിറ്റ്


മഴ -ഉണ്ണി സജികുമാര്‍

  
മഴ



 അന്ന് പെയ്ത മഴക്ക് പുതുമണ്ണിന്റെ ഗന്ധമുണ്ടായിരുന്നു. മഴയിൽ കുതിർന്ന മണ്ണിന് സ്നേഹത്തിന്റെയും വിയർപ്പിന്റെയും മണവും രുചിയും ഉണ്ടായിരുന്നു. അതിൽ അച്ഛന്റെയും അമ്മയുടേയും ഓർമ്മകളുണ്ടായിരുന്നു.

 മഴക്കാറ് പടർന്ന്, ഇരുണ്ട മേഘങ്ങളായി ഉരുണ്ടുകൂടുമ്പോൾ സന്തോഷവും ഒപ്പം തന്നെ ആധിയുമുണ്ടാവുമായിരുന്നു. മനസ്സിൽ കുട്ടിത്തോർത്തുടുത്ത് മഴയിൽ നനഞ്ഞു കുളിക്കാമെന്ന സന്തോഷം മനസ്സിൽ നിറയുമ്പോൾ, മഴയിൽ ചോർന്നൊലിക്കുന്ന വീടും അതിൽ നനഞ്ഞേക്കാവുന്ന പുസ്തകത്താളുകളും മനസ്സിൽ ഒരു മഴമേഘം തന്നെ നിറച്ചിരുന്നു.എന്നാലും ആ മഴയും കാറ്റിന്റെ ഇരമ്പലും ഒക്കെ എനിക്കേറെ പ്രീയപ്പെട്ടതായിരുന്നു. അതൊക്കെ ഒരു തേങ്ങലായി മനസ്സിൽ ഇന്നും അലയടിക്കുന്നു.
     
അച്ഛൻ സമ്മാനിച്ച കാലമേറെ പഴകിയ കാലൻ കുടയിലെ, ഇരട്ടവാലൻ വെട്ടി നുറുക്കിയ ദ്വാരങ്ങളിലൂടെ മഴത്തുള്ളികൾ എന്റെ ചുമലിലേറ്റിയ പത്രത്താളുകളിൽ പൊതിഞ്ഞ പുസ്തകത്താളുകൾ നനച്ചപ്പോഴും ഞാൻ ആ മഴത്തുള്ളിയേയോ കുടയേയോ വെറുത്തില്ലാ, കാരണം അതിലെന്റെ അച്ഛന്റെ സ്നേഹമായിരുന്നു, സാമീപ്യമുണ്ടായിരുന്നു.

വിതുമ്പുന്ന ഓർമ്മകളുമായി ഏഴു കടലുകൾക്കപ്പുറം ഇന്നും ഞാനാ മഴയുടേയും കാറ്റിന്റെയും ഇരമ്പലിനായി കാതോർക്കുന്നു,ഒപ്പം അമ്മയുടേയും അച്ഛന്റെയും സാമീപ്യവും.

ഉണ്ണി സജികുമാര്‍
ഹവല്ലി യൂണിറ്റ്

നിദ്ര- സീമ രജിത്

നിദ്ര

തിരമാലകൾ ആർത്തലക്കുന്ന കടൽ പോലെ

എന്റെ സ്വപ്‌നങ്ങൾ തീരം തേടുന്നു

ചിലപ്പോൾ കെട്ടഴിഞ്ഞ വഞ്ചി പോലെ അവ ഒഴുകി അകലുന്നു .

അടുക്കുംതോറും അകന്നുപോകുന്ന പേടകമോ എൻ അഗതാരു.

ബോധമനസ്സിലെ  പ്രതിഫലങ്ങളാണെന്റെ
സ്വപ്നമെന്ന് അവർ പറയവേ

 നിശയിൽ നിദ്രയുടെ മടിത്തട്ടിലേക്ക് ഊളിയിടുന്ന എന്നിലേക്ക്‌

സ്വപ്‌നങ്ങൾ വീണ്ടും ആഞ്ഞടിക്കുന്നു

ചിലപ്പോൾ അഗ്നിജ്വാലകളിലൂടെ
അവയെന്റെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുന്നു

ചിലപ്പോൾ ഭയാനകമായി
എനിക്കുമുന്നിൽ പത്തിവിരിക്കുന്നു

തെറ്റിയ പാളത്തിലൂടെ കൂകി വിളിക്കുന്ന തീവണ്ടിയായി

എന്റെ നിദ്രകളിൽ ഭംഗം വരത്തുന്നു മറ്റുചിലപ്പോൾ എന്നിലെ ബാല്യത്തിനെ തലോടുന്ന മാതൃസ്പർശനമായി
സുഖ നിദ്രയിലേക്ക് വഴുതിവിടുന്നു..

എന്നാൽ ഞാൻ മോഹിച്ച സ്വപ്നങ്ങൾ എത്രയോ വിദൂരതിയിലാണ്

വായനയിലെ വേഷങ്ങളണിയുവാൻ
വർണ്ണചിറകു വിരിച്ചു പാറിനടക്കുവാൻ

കാടും മേടും കിളികളും കൂട്ടിനായി
അരുവിയിൽ നീന്തിത്തുടിക്കുവാൻ

ഇനിയും തോരാത്ത മഴയിൽ നനഞ്ഞൊലിക്കുവാൻ

പൊടുന്നനെ പുറത്തടിയേറ്റ്‌
കൺതുറന്നപ്പോൾ
കണ്ടു ഞാൻ നേരിന്റെ സ്നേഹ സ്പര്ശവുമായ്
അമ്മയെ

കണ്ടതെല്ലാം സ്വപ്നങ്ങളാന്നെന്നു

തെല്ലൊരു ജാള്യമെൻ മുഖത്തും

സീമ രജിത്
സാല്‍മിയ യൂണിറ്റ്

Tuesday, September 12, 2017

ഗുരു കടാക്ഷം - അനുഭവകുറിപ്പ്(ഉണ്ണി സജികുമാർ)

ഗുരു കടാക്ഷം

അന്നും ഉച്ചസൂര്യൻ ചൂടിന്റെ കാഠിന്യം ഒട്ടും കുറക്കാതെ പടിഞ്ഞാറേക്ക് ചരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ജോലി വിട്ടിറങ്ങിയ ഞാനന്നും ഇലകൾ കൊഴിഞ്ഞ, മരത്തിന്റെ ശിഖരങ്ങളുടെ ഛായയിൽ എന്റെ വാഹനവും പ്രതീക്ഷിച്ച് നിന്നു. ഇനിയും വിനാഴികകൾ ബാക്കിയുണ്ട് എന്റെ വണ്ടിയെത്തുവാനെന്നതിനാൽ ഞാനെന്റെ കാതുകളിലേക്ക് എന്നത്തേയും പോലെയാ ഹെഡ് ഫോണുകൾ തിരുകി.ഗുരുദേവ കൃതികളുടെ മത്സരങ്ങൾക്കിനി രണ്ടു ദിവസം കൂടിയേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ, അവസാന വരികൾ ഒന്നുകൂടി സായത്തമാക്കാൻ കിട്ടിയ സമയം.

എന്നും കടന്നു പോകാറുള്ള കാഴ്ചക്കാരൊക്കെ കടന്നു പോകുമ്പോഴും ഞാനാ വൃക്ഷത്തണലിൽ വാഹനം പ്രതീക്ഷിച്ച് നിന്നു. അവസാനം എന്റെ ഊഴം എത്തി, വാഹനത്തിലേക്ക് സഹയാത്രികരോട് ആശംസകൾ നേർന്ന് ഞാനും ഇരുപ്പുറപ്പിച്ചു. വീണ്ടും ഒരു തവണ കൂടി ഗുരുസൂക്തങ്ങൾ കേൾപ്പിച്ച് കണ്ണടച്ചിരുന്നു. ഏതാനും നിമിഷങ്ങൾ കഴിയവേ ഞാൻ സഞ്ചരിച്ചിരുന്ന വാഹനം ഒരു വലിയ ശബ്ദത്തോടെ കറങ്ങിത്തിരിഞ്ഞതും മലക്കം മറിഞ്ഞതും മിനിട്ടുകൾക്ക് ശേഷമാണ് ഞങ്ങൾക്ക് പോലും  മനസ്സിലായത്. ഞെട്ടലിൽ നിന്നുണർന്ന ഞാനാദ്യം പരതിയത് ചെവിയിൽ തിരുകിയിരുന്ന ഹെഡ് ഫോൺ ആയിരുന്നു. അപ്പോഴും അതിൽ ഗുരു സൂക്തങ്ങൾ ഈ ഒച്ചപ്പാടൊന്നും അറിയാതെ പാടിക്കൊണ്ടേയിരിക്കുന്നു. തകർന്നടിഞ്ഞ വാഹനത്തിൽ നിന്നും ഒരു പുനർജനി കടന്നപോലെ പുറത്തേക്ക് ആരൊക്കെയോ ചേർന്ന് വലിച്ചെടുത്തപ്പോഴും ഒരു മണ്ണു കൊണ്ടുപോലുമുള്ള പാടുകൾ എന്റെയോ എന്റെയൊപ്പം ഉണ്ടായിരുന്നവരുടെയോ ശരീരത്തിൽ ഏൽപ്പിച്ചിരുന്നില്ല എന്നത് രക്ഷയ്ക്കായി ഓടിയെത്തിയ പിന്നിൽ വന്ന് ഇടിച്ച വാഹനത്തിന്റെ ഉടമയായ സ്വദേശിയെപ്പോലും അമ്പരപ്പിച്ചു.

           നടപടികൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയെത്തിയ ഞാൻ മക്കളെ വാരിപ്പുണരുമ്പോഴും എന്റെ ഗുരുവിന്റെ സൂക്തങ്ങൾ എന്റെ അന്തരാത്മാവിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഗുരു കടാക്ഷം എന്നല്ലാതെ ഒന്നും പറയുവാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
തസ്മൈ ശ്രീ ഗുരവേ നമ:

ഉണ്ണി സജികുമാർ

ഹവല്ലി യൂണിറ്റ്