ഗുരു കടാക്ഷം
അന്നും ഉച്ചസൂര്യൻ ചൂടിന്റെ കാഠിന്യം ഒട്ടും കുറക്കാതെ പടിഞ്ഞാറേക്ക് ചരിഞ്ഞു
നിൽക്കുന്നുണ്ടായിരുന്നു. ജോലി വിട്ടിറങ്ങിയ ഞാനന്നും ഇലകൾ കൊഴിഞ്ഞ, മരത്തിന്റെ ശിഖരങ്ങളുടെ ഛായയിൽ എന്റെ വാഹനവും പ്രതീക്ഷിച്ച്
നിന്നു. ഇനിയും വിനാഴികകൾ ബാക്കിയുണ്ട് എന്റെ വണ്ടിയെത്തുവാനെന്നതിനാൽ ഞാനെന്റെ
കാതുകളിലേക്ക് എന്നത്തേയും പോലെയാ ഹെഡ് ഫോണുകൾ തിരുകി.ഗുരുദേവ കൃതികളുടെ
മത്സരങ്ങൾക്കിനി രണ്ടു ദിവസം കൂടിയേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ, അവസാന വരികൾ ഒന്നുകൂടി സായത്തമാക്കാൻ കിട്ടിയ സമയം.
എന്നും കടന്നു പോകാറുള്ള കാഴ്ചക്കാരൊക്കെ കടന്നു പോകുമ്പോഴും ഞാനാ
വൃക്ഷത്തണലിൽ വാഹനം പ്രതീക്ഷിച്ച് നിന്നു. അവസാനം എന്റെ ഊഴം എത്തി, വാഹനത്തിലേക്ക് സഹയാത്രികരോട് ആശംസകൾ നേർന്ന് ഞാനും
ഇരുപ്പുറപ്പിച്ചു. വീണ്ടും ഒരു തവണ കൂടി ഗുരുസൂക്തങ്ങൾ കേൾപ്പിച്ച്
കണ്ണടച്ചിരുന്നു. ഏതാനും നിമിഷങ്ങൾ കഴിയവേ ഞാൻ സഞ്ചരിച്ചിരുന്ന വാഹനം ഒരു വലിയ
ശബ്ദത്തോടെ കറങ്ങിത്തിരിഞ്ഞതും മലക്കം മറിഞ്ഞതും മിനിട്ടുകൾക്ക് ശേഷമാണ് ഞങ്ങൾക്ക്
പോലും മനസ്സിലായത്. ഞെട്ടലിൽ നിന്നുണർന്ന
ഞാനാദ്യം പരതിയത് ചെവിയിൽ തിരുകിയിരുന്ന ഹെഡ് ഫോൺ ആയിരുന്നു. അപ്പോഴും അതിൽ ഗുരു സൂക്തങ്ങൾ
ഈ ഒച്ചപ്പാടൊന്നും അറിയാതെ പാടിക്കൊണ്ടേയിരിക്കുന്നു. തകർന്നടിഞ്ഞ വാഹനത്തിൽ
നിന്നും ഒരു പുനർജനി കടന്നപോലെ പുറത്തേക്ക് ആരൊക്കെയോ ചേർന്ന് വലിച്ചെടുത്തപ്പോഴും
ഒരു മണ്ണു കൊണ്ടുപോലുമുള്ള പാടുകൾ എന്റെയോ എന്റെയൊപ്പം ഉണ്ടായിരുന്നവരുടെയോ
ശരീരത്തിൽ ഏൽപ്പിച്ചിരുന്നില്ല എന്നത് രക്ഷയ്ക്കായി ഓടിയെത്തിയ പിന്നിൽ വന്ന്
ഇടിച്ച വാഹനത്തിന്റെ ഉടമയായ സ്വദേശിയെപ്പോലും അമ്പരപ്പിച്ചു.
നടപടികൾ പൂർത്തിയാക്കി
വീട്ടിലേക്ക് മടങ്ങിയെത്തിയ ഞാൻ മക്കളെ വാരിപ്പുണരുമ്പോഴും എന്റെ ഗുരുവിന്റെ
സൂക്തങ്ങൾ എന്റെ അന്തരാത്മാവിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഗുരു കടാക്ഷം എന്നല്ലാതെ
ഒന്നും പറയുവാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
തസ്മൈ ശ്രീ ഗുരവേ നമ:
ഉണ്ണി സജികുമാർ
ഹവല്ലി യൂണിറ്റ്

No comments:
Post a Comment