വാര്‍ത്തകള്‍

Tuesday, September 5, 2017

ജമ്പനും തുമ്പനും - ലിനി ജയന്‍

ജമ്പനും തുമ്പനും

ഓര്‍മ ശരിയാണെങ്കില്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോള്‍ ആണ് ചാത്തന്നൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ പുതിയ പ്രിന്‍സിപ്പല്‍ രാജഗോപാല്‍ സര്‍ ചാര്‍ജ്  എടുക്കുന്നത്...

ഒന്ന് കാണണം.... അത്യാവശ്യം നല്ല വണ്ണവും പൊക്കവും മീശയും... പിന്നെ മൊട്ടത്തലയും .....മിലിട്ടറിയില്‍ ആയിരുന്നു എന്നൊക്കെ ആ സമയത്ത് കേട്ടിരുന്നു .കണ്ടപാടെ ഓര്‍മ വന്നത് ബാലരമയിലെ ജമ്പനെ....

ആ സമയത്ത് സ്കൂളില്‍ ഒരു പാവം പ്യൂണ്‍ ഉണ്ടായിരുന്നു. പുള്ളിയെ കണ്ടാലോ ഉയരം കുറഞ്ഞു മെലിഞ്ഞു ശോഷിച്ച ഒരാളും...

ഇവരെ രണ്ടു പേരും ഒരുമിച്ചു വരുന്നത് കണ്ടാല്‍ എല്ലാവരും പറയും ജമ്പനും തുമ്പനും ഇറങ്ങിയിട്ടുണ്ട്....സൂക്ഷിക്കുക....

വന്ന ആദ്യ ആഴ്ച തന്നെ എല്ലാ ക്ലാസ്സുകാര്‍ക്കും  നിര്‍ദ്ദേശം  കൊടുത്തു ... എല്ലാ ക്ലാസിനു മുന്നിലും രണ്ടു ചെടികള്‍ വേണം. ക്ലാസ്സില്‍ കുട്ടികള്‍ പിരിവെടുത്ത് അന്ന് രണ്ടു ചട്ടികളില്‍ ചെടി  വാങ്ങിച്ചു വെച്ച് കൂടാതെ ക്ലാസ്സിനു മുന്നിലുള്ള സ്ഥലത്ത് നാല് മണി ചെടിയും നട്ടു. ഇതിനെല്ലാം വെള്ളം എല്ലാ ദിവസവും ഒഴിക്കണം എന്നും നിര്‍ദ്ദേശം  ഉണ്ടായിരുന്നു .

കര്‍ശനസ്വഭാവക്കാരന്‍ ആയിരുന്നു . ചെറിയ തെറ്റുകള്‍ക്ക് പോലും നല്ല ശിക്ഷ തരും . ചില സമയം ചൂരലും കൊണ്ട് ക്ലാസ്സുകള്‍ക്ക്  മുന്നിലൂടെ ഒരു റോന്തു ചുറ്റല്‍ ഉണ്ട്.... അന്നേരം ഞങ്ങള്‍ എല്ലാവരും എന്ത് നല്ല കുട്ടികള്‍ ആയിരുന്നു എന്നോ.... കഴിവതും പുള്ളിയുടെ മുന്നില്‍ ചെന്ന് പെടാതെ നോക്കും.

അങ്ങനെ സമയം പോകവേ ഞാന്‍ പത്തിലെയ്ക്ക് കയറി..... അറിയാമല്ലോ ജീവന്‍ മരണ പോരാട്ടമല്ലേ ആ സമയം. ക്രിസ്മസ് പരീക്ഷ കഴിഞ്ഞു സ്കൂള്‍ തുറന്ന സമയം ഒരു ദിവസം പ്യൂണ്‍ ക്ലാസ്സില്‍ വന്നു ലിനിയെ പ്രിന്‍സിപ്പല്‍ വിളിക്കുന്നു എന്ന് പറഞ്ഞു.

എല്ലാരും കൂടി എന്നെ ഒരു നോട്ടം..... ഞാനും എന്നെ ഒന്ന് നോക്കി......ഇനി എന്തെങ്കിലും കുഴപ്പം....?

പെരുമ്പറ കൊട്ടുന്ന നെഞ്ചുമായി പ്രിന്‍സിപ്പലിന്റെ ഓഫീസിലേയ്ക്ക്....

“Good Afternoon Sir….”

“Good Afternoon …..ഹും ..എന്തിനാ വിളിപ്പിച്ചത് എന്ന് അറിയാമോ ......?”

ഞാന്‍ ഉള്ള ഭവ്യത മുഴുവന്‍ എടുത്തണിഞ്ഞു മൊഴിഞ്ഞു ......ഇല്ല സര്‍....

നിന്നെ പറ്റി പരാതി കിട്ടിയിട്ടുണ്ട്.... അതാ വിളിപ്പിച്ചത്....

ഞാന്‍ അന്തം വിട്ടു.... ഏയ്‌ അത് ഞാന്‍ ആകില്ല.... ഇത്രയും നല്ലൊരു കുട്ടിയെ വേറെ ആ സ്കൂളിന് കിട്ടി കാണില്ല. എന്നെ പറ്റി അത്ര നല്ല അഭിപ്രായം ആയിരുന്നു അന്നേ എനിക്ക്.

ഞാന്‍ അങ്ങനെ അന്തം വിട്ടു നില്ക്കെ  പുള്ളിയുടെ അടുത്ത ഡയലോഗ്...

ക്രിസ്മസ് പരീക്ഷയ്ക്ക് ടീച്ചര്‍മാര്‍ പ്രതീക്ഷിച്ച മാര്‍ക്ക്  ഇല്ലല്ലോ.....?”

ടീച്ചര്‍മാര്‍ എത്ര മാര്‍ക്ക്  പ്രതീക്ഷിച്ചിരുന്നു എന്ന് എനിക്കറിയില്ലല്ലോ ..... ഞാന്‍ എഴുതിയതല്ലേ എനിക്ക് കിട്ടൂ....എന്നാലും ഞാന്‍ പറഞ്ഞു...

പഠിച്ചിരുന്നു സര്‍..... പക്ഷെ എന്താന്നു അറിയില്ല ഇത്തിരി മാര്‍ക്ക് ‌ കുറഞ്ഞിട്ടുണ്ട്....
ഹും ...പത്താം ക്ലാസ്സിലെ അവസാന പരീക്ഷ ആണ് വരുന്നത്. നന്നായി പഠിക്കണം ....നല്ല മാര്‍ക്ക്  വാങ്ങിക്കണം ....ഇത് വാങ്ങിച്ചോളൂ....

കയ്യില്‍ തന്നത് ഒരു ഇത്തിരി വലിയ ബുക്ക്‌ ആയിരുന്നു . പത്താം ക്ലാസിലെ എല്ലാ വിഷയത്തിന്റെയും പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ ബുക്ക്‌ .

ഈ ബുക്ക്‌ അധികം ഇല്ല.....കുറച്ചു പേര്‍ക്ക്  മാത്രമേ കൊടുക്കാന്‍ പറ്റൂ .... നന്നായി പഠിക്കുക ...കൂട്ടുകാര്‍ക്ക്  കൂടി പറഞ്ഞു കൊടുക്കുക....

ഇത്ര പറഞ്ഞു സര്‍ അടുത്ത് വന്നു തലയില്‍ ഒന്ന് തടവി തോളില്‍ തട്ടി പറഞ്ഞു.... പൊയ്ക്കോളൂ ...ഇപ്പോള്‍ സ്കൂള്‍ വിടാന്‍ ബെല്ലടിക്കും....

ആ രണ്ടാം നിലയില്‍ നിന്നും പതുക്കെ സ്റ്റെപ്പുകള്‍  ഇറങ്ങി ക്ലാസ്സിലെയ്ക്ക് നടക്കുമ്പോള്‍ സാറിന്റെ ആ സ്നേഹം മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു . ദുഷ്ട കഥാപാത്രം അലിഞ്ഞലിഞ്ഞ് ഇല്ലാതായത് പോലെ...സാറിനോടുള്ള ഇഷ്ടവും ബഹുമാനവും മനസ്സില്‍ നിറയുമ്പോള്‍ പുറകില്‍ ബെല്ലടിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു....

ലിനി ജയന്‍

ഫര്‍വാനിയ യൂണിറ്റ്

No comments:

Post a Comment