വാര്‍ത്തകള്‍

Wednesday, September 27, 2017

മഴ -ഉണ്ണി സജികുമാര്‍

  
മഴ



 അന്ന് പെയ്ത മഴക്ക് പുതുമണ്ണിന്റെ ഗന്ധമുണ്ടായിരുന്നു. മഴയിൽ കുതിർന്ന മണ്ണിന് സ്നേഹത്തിന്റെയും വിയർപ്പിന്റെയും മണവും രുചിയും ഉണ്ടായിരുന്നു. അതിൽ അച്ഛന്റെയും അമ്മയുടേയും ഓർമ്മകളുണ്ടായിരുന്നു.

 മഴക്കാറ് പടർന്ന്, ഇരുണ്ട മേഘങ്ങളായി ഉരുണ്ടുകൂടുമ്പോൾ സന്തോഷവും ഒപ്പം തന്നെ ആധിയുമുണ്ടാവുമായിരുന്നു. മനസ്സിൽ കുട്ടിത്തോർത്തുടുത്ത് മഴയിൽ നനഞ്ഞു കുളിക്കാമെന്ന സന്തോഷം മനസ്സിൽ നിറയുമ്പോൾ, മഴയിൽ ചോർന്നൊലിക്കുന്ന വീടും അതിൽ നനഞ്ഞേക്കാവുന്ന പുസ്തകത്താളുകളും മനസ്സിൽ ഒരു മഴമേഘം തന്നെ നിറച്ചിരുന്നു.എന്നാലും ആ മഴയും കാറ്റിന്റെ ഇരമ്പലും ഒക്കെ എനിക്കേറെ പ്രീയപ്പെട്ടതായിരുന്നു. അതൊക്കെ ഒരു തേങ്ങലായി മനസ്സിൽ ഇന്നും അലയടിക്കുന്നു.
     
അച്ഛൻ സമ്മാനിച്ച കാലമേറെ പഴകിയ കാലൻ കുടയിലെ, ഇരട്ടവാലൻ വെട്ടി നുറുക്കിയ ദ്വാരങ്ങളിലൂടെ മഴത്തുള്ളികൾ എന്റെ ചുമലിലേറ്റിയ പത്രത്താളുകളിൽ പൊതിഞ്ഞ പുസ്തകത്താളുകൾ നനച്ചപ്പോഴും ഞാൻ ആ മഴത്തുള്ളിയേയോ കുടയേയോ വെറുത്തില്ലാ, കാരണം അതിലെന്റെ അച്ഛന്റെ സ്നേഹമായിരുന്നു, സാമീപ്യമുണ്ടായിരുന്നു.

വിതുമ്പുന്ന ഓർമ്മകളുമായി ഏഴു കടലുകൾക്കപ്പുറം ഇന്നും ഞാനാ മഴയുടേയും കാറ്റിന്റെയും ഇരമ്പലിനായി കാതോർക്കുന്നു,ഒപ്പം അമ്മയുടേയും അച്ഛന്റെയും സാമീപ്യവും.

ഉണ്ണി സജികുമാര്‍
ഹവല്ലി യൂണിറ്റ്

No comments:

Post a Comment