ഗുരുദേവൻ :- സായുജ്യമോക്ഷത്തിൻ നന്മമരം
അരുവിപ്പുറത്തിന്നലകൾ വാഴ്ത്തും സത്ഗുരു നാഥനല്ലേ
സർവ്വഐശ്വര്യപ്രദമാം ധർമ്മത്തേ ഞങ്ങൾക്കുനൽകിയ ദേവനല്ലേ സുവർണ്ണപുഷ്പ്പമായ് കർമ്മസാധകമാം സുഗന്ധം പരത്തിനീ കാലദേശങ്ങൾക്കതീതനായ് വിളങ്ങും കാവ്യസൗഭഗമല്ലേ....
സത്ഗുണോപാസനാമൃതം ഞങ്ങളിൽ ജ്വലിപ്പിച്ച്
അറിവിന്റെ ദേവനായ് വിളങ്ങുന്ന ഭഗവൽസ്വരൂപമേ
നിത്യവും നിൻ നാമം കേൾക്കുമാറാവണം
സത്യയുഗത്തിലെ ധ്യാനംപോൽ ഉപാസനാ മാർഗമായീടണം
ആത്മ സാക്ഷാത്ക്കാരത്തിൻ നൈപുണ്യം അറിവായ് ജ്വലിപ്പിച്ച്
സൂര്യതേജസുപോൽ ഞങ്ങൾക്ക് മുൻപേ നടന്ന ഗുരുവര്യനല്ലേ
അറിവിന്റെ ദേവതയാം ശാരദാദേവിയെ
ഉപാസനാമൂർത്തിയായ് പ്രതിഷ്ഠിച്ച ചിത്പുരുഷനല്ലേ...
പ്രത്യക്ഷ ദൈവമാം പരമപ്രകാശംപോൽ വിളങ്ങിടും നിൻനാമം
പരമപവിത്രവും സർവ്വാദീഷ്ട്ടപ്രദവും ആയിടട്ടെ
മംഗള നീരാഞ്ജനംപോൽ ജ്വലിക്കും നിൻ നേത്രങ്ങൾ
നേർവഴികാട്ടി ഞങ്ങളിലെന്നും തുണയായിടട്ടെ....
ഗാനനിർജരിപോൽ തിരുനാമകീർത്തനങ്ങൾ ഞങ്ങൾക്ക് നൽകി
പരമ പവിത്രമാം രാഷ്ട്രത്തെ സൃഷ്ടിച്ച ഗുരുവര്യാ
മനസിന്റെ ശ്രീകോവിൽ പ്രതിഷ്ഠിച്ചുപോയ് നിൻരൂപം
കേവല ബ്രഹ്മസ്വരൂപമായ് എന്നും വിളങ്ങീടണെ....
ഞങ്ങളിൽ പ്രാണനും ഓജസ്സും നൽകിനീ
ജാതിമതദ്വേഷത്തിൻ ചിന്തയും അകറ്റിനീ
സങ്കടങ്ങളഖിലം പൊഴിഞ്ഞു ശിവശങ്കരന്റെ കൃപയേശുവാൻ
ഉപദേശസന്ദേശംപോൽ ഞങ്ങളിൽ വിളങ്ങണെ ഗുരുദേവാഃ
ശിവഗിരിക്കുന്നിൻശോഭയിൽ വിളങ്ങിടും നിൻ തിരുമേനിയും
മലരണിപൂവനം താണ്ടിയനിൻ പൊൻതൃപ്പാദങ്ങളും
കർമ്മദോഷങ്ങളകറ്റി എന്നും ഞങ്ങളിൽ വിളങ്ങണം
അറിവിന്നുമറിവായ് നിറഞ്ഞ് സത്കർമ്മത്തിൻ തേന്മഴയായ് ചൊരിയണം
ദാനധർമ്മത്തിൻ മഹത്ത്വങ്ങളരുളിനീ
കരുണാർദ്ര സ്നേഹത്തിൻ ആഴവും പകർന്നുനീ
സത്ഫലങ്ങൾ പൊഴിച്ച് തണലായ് നിൽക്കുന്നനീ ഞങ്ങൾക്ക്
അറിവിന്റെ....ദയയുടെ....കരുണയുടെ ഭഗവൽ ചൈതന്യമല്ലോ ഗുരുദേവാഃ
സൈഗാൾ സുശീലൻ
സാൽമിയ യൂണിറ്റ്
No comments:
Post a Comment